Categories
news

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് കാന്തപുരത്തിന്റെ കത്ത്.

കോഴിക്കോട് : അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് നീതി ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ കത്ത്. മഅ്ദനിക്കെതിരെയുള്ള കേസില്‍ സത്യസന്ധമായ അന്വേഷണം വേഗത്തില്‍ നടത്തണമെന്നും നീതിയുക്തമായ വിധത്തില്‍ മഅ്ദനിയോട് പെരുമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു. മര്‍ക്കസില്‍ മഅ്ദനിക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. മുസ്ലിംവേട്ടക്കെതിരെ മുസ്ലിംലീഗ് ശക്തമായി രംഗത്തു വന്ന പശ്ചാത്തലത്തിലാണ് മഅ്ദനിക്കു വേണ്ടി കാന്തപുരം വീണ്ടും ഇടപെടല്‍ നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
ആറു വര്‍ഷത്തിലധികമായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് നീതി ആവശ്യപ്പെട്ടാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കത്ത് നല്‍കിയത്. പത്ത് വര്‍ഷത്തിലധികം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ മഅ്ദനി നിരപരാധിയാണെന്ന് തെളിയിച്ചാണ് മോചിതനായത്. തുടര്‍ന്ന് ശാരീരികമായി നിരവധി പ്രയാസങ്ങള്‍ അനുഭവിച്ച അദ്ദേഹത്തെ 2010ല്‍ വീണ്ടും മറ്റൊരു കേസില്‍ തടവുശിക്ഷക്ക് വിധിക്കുകയായിരുന്നു. മഅ്ദനിയുടെ കേസിന്റെ വിചാരണ നീതിയുക്തമായും വേഗത്തിലും നടത്തണമെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തിയ കാന്തപുരം കര്‍ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ മുഖേനെയാണ് കത്ത് കൈമാറിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest