
കാസർകോട്: മുൻ തലമുറകൾ പൊരുതി നേടിയ സ്വാതന്ത്ര്യത്തിൻ്റെ കൈത്തിരി അണിയാതിരിക്കാൻ ജനാധിപത്യ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും പുതുതലമുറ സ്വാതന്ത്ര്യത്തിൻ്റെ കാവലാളാവുകയും വേണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. അരാഷ്ട്രീയ ചിന്തകൾക്ക് ഇടം കൊടുക്കാതെ പുതുമനസ്സുകളുടെ ചിന്താധാരയെ സ്വാധീനിക്കാനാകണം മാനവികതയ്ക്ക് ക്ഷതമേൽക്കുമ്പോൾ അവിടെ ജനാധിപത്യത്തിൻ്റെ മരണ മണിയായിരിക്കും ആദ്യം മുഴങ്ങുകയെന്ന് മറക്കാതിരിക്കണമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ സംഭവിച്ച സമാനതകളില്ലാത്ത ദുരന്തം എല്ലാവരെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ ഒരുമിച്ചിറങ്ങേണ്ട സാഹചര്യമാണ്. തകർന്ന നാടിനെ പുനർ നിർമ്മിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. രണ്ടു പ്രളയങ്ങളും കോവിഡും അതിജീവിച്ച നാം ഒറ്റക്കെട്ടായി നിന്ന് ഈ ദുരന്തവും അതിജീവിക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മന്ത്രി ആദരാഞ്ജലി അർപ്പിച്ചു. ബ്രിട്ടീഷ് അധിനിവേശഭരണത്തിനെതിരെ പ്രാദേശികമായി നടന്ന സമരങ്ങളിൽ മുൻപന്തിയിലാണ് കാസർകോട് കാടകം വനസത്യാഗ്രഹമെന്ന് മന്ത്രി അനുസ്മരിച്ചു. രാജ്യത്തിൻ്റെ മതനിരപേക്ഷ മൂല്യം ഗുരുതരമായ ആക്രമണത്തിന് വിധേയമായി കൊണ്ടിരിക്കുന്നു. കോർപ്പറേറ്റ്, വർഗീയ അജണ്ടകൾ രാജ്യത്ത് നടപ്പാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനാൽ നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ രാജ്യത്തിൻ്റെ കരുത്തും സവിശേഷതയും വെല്ലുവിളി നേരിടുകയാണ്. മതനിരപേക്ഷത മനസ്സായിരുന്നു നമ്മുടേത് ജാതിമത ചിന്തകൾക്കതീതമായ മുന്നേറ്റം ആയിരുന്നു സ്വാതന്ത്ര്യ സമരത്തിൽ കണ്ടത് ‘മതപരമായ ഭിന്നിപ്പിന് ബ്രിട്ടീഷുകാർ ശ്രമിച്ചെങ്കിലും നമ്മൾ മതനിരപേക്ഷ മൂല്യം ഉയർത്തിപ്പിടിച്ചു എന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ നാനാ ജാതി മതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന ഏക സിവിൽ കോഡ്, കേന്ദ്ര വഖഫ് നിയമഭേദഗതി പോലുള്ള പ്രഖ്യാപനങ്ങൾ മതന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യപങ്കാളിത്തവും അനിവാര്യമായിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സിൽ ഭീതിയും ആശങ്കയും പരത്തുന്നത് നടപടി ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു.
