
ബെംഗളൂരു: മൈസൂരു ജയദേവ ആശുപത്രിയില്‍ കൂട്ടമരണം. 24 മണിക്കൂറിനിടെ 11 രോഗികള്‍ മരിച്ചു. ഇന്നലെയും ഇന്നുമായാണ് അസാധാരണമായ കൂട്ട മരണം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ട് എന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. മരിച്ച 11 രോഗികളും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണെന്നാണ് അധികൃതരുടെ വിശദീകരണം. ഡോക്ടര്‍മാരുടെ കുറവ് മൂലം ഒരു രോഗിയും മരിച്ചിട്ടില്ലെന്ന് ജയദേവ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സദാനന്ദ വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന 11 രോഗികള്‍ മാത്രമാണ് മരിച്ചത്. ചികിത്സ കിട്ടാതെ ആരും മരിച്ചിട്ടില്ല എന്നാണ് ആശുപത്രിയുടെ വാദം. മൈസൂരു ജില്ലയില്‍ നിന്ന് മാത്രമല്ല കുടക്, ഹാസന്‍, മാണ്ഡ്യ, ചാമരാജനഗര്‍ തുടങ്ങിയ അയല്‍ജില്ലകളില്‍ നിന്നും ധാരാളം ജനങ്ങള്‍ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയാണ് ജയദേവ.

അതേസമയം മരിച്ചവരെല്ലാം ഹൃദ്രോഗത്തിന് ചികിത്സ തേടിയവരാണ് എന്നതിലാണ് ആശങ്ക. ഇന്നലെ ICU വിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും കൂട്ടമരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നും കൂട്ടിരിപ്പുകാരും മരിച്ചവരുടെ ബന്ധുക്കളും വ്യക്തമാക്കുന്നു. കർണാടക സർക്കാരിന് കീഴിലെ സ്വയം ഭരണ അധികാരമുള്ള സ്ഥാപനമാണ് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച്.
