
കാസർഗോഡ്: സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി, ഗോത്രവർഗ്ഗ വിഭാഗങ്ങൾക്ക് ദീർഘദൂരം യാത്ര ചെയ്യാതെ വാസസ്ഥലങ്ങളിൽത്തന്നെ റേഷൻ വിഹിതം ലഭ്യമാക്കുന്ന “സഞ്ചരിക്കുന്ന റേഷൻ കട” പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നു. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കാസർകോട് ണ്ടില്ലയിൽ അരികല്ല്, വീട്ടിയോടി, പാൽച്ചുരം തട്ട്, മാമ്പള്ളം, ചിറ്റക്കാൽ, അത്തിക്കടവ്, അരീക്കര, ഓണി എന്നീ ഉന്നതികളിലെ താമസക്കാർക്ക് താമസസ്ഥലത്ത് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ 11 ന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടക്കും. കാഞ്ഞങ്ങാട് എം.എൽ.എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം വിശിഷ്ടാതിഥിയായും പങ്കെടുക്കും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ ഐ.എ.എസ് സ്വാഗതവും കാസറഗോഡ് ജില്ലാ സപ്ലൈ ഓഫീസർ സുനിൽകുമാർ എം നന്ദിയും പറയും. റേഷനിംഗ് കൺട്രോളർ സി വി മോഹനകുമാർ റിപ്പോർട്ട് അവതരണവും നിർവ്വഹിക്കും. ചടങ്ങിൽ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുക്കും.
