മിനി കൂപ്പർ കാറിടിച്ച് കൊച്ചിയിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ ദുഃഖം താങ്ങാനാവാത്ത ഒരു കുടുംബമുണ്ട് കർണ്ണാടക ജാൽസൂരിൽ; 21 കാരനായ മുഹമ്മദ് ഇയാസിൻ്റെ മരണം..

You are currently viewing മിനി കൂപ്പർ കാറിടിച്ച് കൊച്ചിയിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ ദുഃഖം താങ്ങാനാവാത്ത ഒരു കുടുംബമുണ്ട് കർണ്ണാടക ജാൽസൂരിൽ; 21 കാരനായ മുഹമ്മദ് ഇയാസിൻ്റെ മരണം..

കാസർഗോഡ്: അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് കൊച്ചിയിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ ദുഃഖം താങ്ങാനാവാത്ത ഒരു കുടുംബമുണ്ട് കാസർഗോഡ് അതിർത്തിയിലെ കർണ്ണാടക ജാൽസൂറിൽ. 21 കാരനായ മുഹമ്മദ് ഇയാസിൻ്റെ മരണം കുടംബത്തിനും നാടിനും നാട്ടുകാർക്കും താങ്ങാനാവാത്ത വലിയ ദുഃഖമാണ്. കുടുംബത്തിൻ്റെ വലിയ പ്രതീക്ഷയായിരുന്നു ഇയാസ്. പിതാവ് ഇബ്രാഹിം പ്രവാസിയാണ്. 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കഴിയാനും മകനെ ഗൾഫിലേക്ക് പറഞ്ഞയക്കാനുമുള്ള ഒരുക്കത്തിലായിരുന്നു ഈ കുടുംബം. ഇയാസിൻ്റെ ആഗ്രഹ പ്രകാരം ലോജിസ്റ്റിക് പഠനത്തിനായി കൊച്ചിയിലേക്ക് പോയതായിരുന്നു. പഠനത്തോടപ്പം പാർട്ട് ടൈം ജോലിയുമായി മുന്നോട്ട് പോയി. പിതാവ് ഇബ്രാഹിം മകനെ ഗൾഫിലേക്ക് അയക്കാനായി ജോലി തരപ്പെടുത്തിയതായിരുന്നു. വിമാനത്താവളത്തിലെ ജോലിയിൽ പ്രവേശിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മരണം തേടിയെത്തിയത്. രണ്ട് മക്കളുള്ള ചെറിയ കുടുംബത്തിൽ ഏക ആൺ തരിയായിരുന്നു ഇയാസ്. ഇയാസിൻ്റെ മരണ വിവരം അറിഞ്ഞ് നാട് ഒന്നടങ്കം ജെൽസൂർ സുന്നമൂലയിലെ വസതിയിൽ തടിച്ചുകൂടിയിരുന്നു. കൊച്ചിയിൽ നിന്നും പോസ്റ്റ്മാർട്ടം പൂർത്തിയാക്കി പള്ളിയിൽ മയ്യത്ത് പരിപാലനവും നിസ്കാരവും നടത്തിയാണ് നാട്ടിലെത്തിച്ചത്. രാത്രി 1 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം കാണാനായി ആയിരങ്ങളാണ് തടിച്ചുകൊടിയത്. പൊതുദർശനത്തിന് ശേഷം ജാൽസൂർ സുന്നമൂലയിലെ അഹ്മദുൽ ബദവി ജുമാമസ്ജിദിൽ ഖബറടക്കി.

ഒക്ടോബർ 11 ഞായറാഴ്ച പുലർച്ചെ 2 മണിയോടെ നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റോഡിലാണ് ദാരുണ അപകടം ഉണ്ടായത്. അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരണപ്പെട്ടത്. മുന്നിലൂടെ പോവുകയായിരുന്ന സ്കൂട്ടറിലേക്ക് അമിതവേഗതയിൽ പിന്നിൽ നിന്നും കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജാൽസൂർ സ്വദേശി ഇയാസിന് പുറമെ വയനാട് സ്വദേശി ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക (22), എന്നിവരാണ് മരണപ്പെട്ടത്. മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരാണ്. മിനികൂപ്പർ കാർ ഓടിച്ച സുഹൈൽ സജീവ് ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

0Shares