
കാസർഗോഡ്: വെസ്റ്റ് എളേരി വില്ലേജിലെ വരക്കാട് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കുഴൽക്കിണർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണ അന്ത്യം. മധ്യപ്രദേശ് സ്വദേശിയായ ദേവേന്ദ്രൻ, ഛത്തീസ്ഗഡ് സ്വദേശിയായ മനാസിർ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ വീടിന് മുകളിലേക്ക് ലോറി പതിച്ചെങ്കിലും വീട്ടുകാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഒക്ടോബർ 3-ന് പുലർച്ചെ 2 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വെസ്റ്റ് എളേരി വില്ലേജിലെ വരക്കാട് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന കുത്തനെയുള്ള ഇറക്കമുള്ള ഉപറോഡിൽ വെച്ച് തമിഴ്‌നാട് രജിസ്ടാർഷനുള്ള (TN-34-AH-1478) കുഴൽക്കിണർ ലോറിയാണ് അപകടത്തിൽ പെട്ടത്. വീഴ്ചയുടെ ആഘാതത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചെങ്കിലും വീട്ടുകാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ ഒരു ഇലക്ട്രിക് പോസ്റ്റ് തകരുകയും പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വാഹന ഉടമസ്ഥനും കൂടെയുള്ള തൊഴിലാളികൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
