
കാസർഗോഡ്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതുമായി ബന്ധപ്പെട്ട് ഉരുൾപൊട്ടലിൻ്റെ കാരണങ്ങളെ പറ്റി പഠിക്കാൻ നിയോഗിച്ച സാങ്കേതിക സമിതിതയ്യേനി സന്ദർശിച്ചു. എൽ.എസ്.ജി.ഡി.ജെ.ഡി കെ.വി ഹരിദാസ്, കാഞ്ഞങ്ങാട് ആർ.ഡി.ഒ സുദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. വെള്ളരിക്കുണ്ട് താഹസീൽദാർ രാമു, മൈനിങ് ആൻഡ് ജിയോളജി, ഭൂഗർഭജലം, വനം വകുപ്പ്, സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരും ഹസാർഡ് അനലിസ്റ്റും സംഘത്തിൽ ഉണ്ടായിരുന്നു. ഉരുൾപൊട്ടലിൻ്റെ കാരണങ്ങൾ പഠിക്കാൻ സാങ്കേതിക സമിതിയെ രൂപീകരിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. ഉരുൾപൊട്ടലിൻ്റെ സ്വഭാവം, കാരണങ്ങൾ, നിലവിലും ഭാവിയിലും ഉണ്ടാകാവുന്ന അപകടസാധ്യതകൾ, സ്വീകരിക്കേണ്ട നടപടികൾ എന്നിവ ശാസ്ത്രീയമായി പഠിച്ചു വിലയിരുത്താനാണ് കാഞ്ഞങ്ങാട് ആർ.ഡി.ഒ ചെയർമാനായുള്ള സാങ്കേതിക സമിതിയെ രൂപീകരിച്ചത്. സമിതിയുടെ നേതൃത്വത്തിൽ വിദഗ്ധ സ്ഥലപരിശോധന നടത്തും. എല്ലാ വകുപ്പ് മേധാവികളും ആവശ്യമായ വിവരങ്ങൾ സമിതിക്ക് നൽകേണ്ടതാണ്. ജില്ലാ ജിയോളജിസ്റ്റ് ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് ഡിഡി, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ഗ്രൗണ്ട് വാട്ടർ വകുപ്പ്, സോയിൽ കൺസർവേഷൻ വകുപ്പ് പ്രതിനിധികൾ,വെള്ളരിക്കുണ്ട് തഹസിൽദാർ,ജില്ലാ ഹസാർഡ് അനലിസ്റ്റ്, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വനംവകുപ്പ് പ്രതിനിധികൾ എന്നിവർ സാങ്കേതിക സമിതിയിൽ ഉൾപ്പെടും.
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ദുരിതമുണ്ടായവരുടെ നാശനഷ്ടം കണക്കാക്കി ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ രൂപീകരിച്ച സമിതി യോഗം എൽ എസ് ജി ഡി ജെ ഡി കെ വി ഹരിദാസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇന്നുമുതൽ (ആഗസ്ത് 4) സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തും. വെള്ളരിക്കുണ്ട് താലൂക്കിലെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ കണക്കാക്കാൻ ആറ് ടീമുകളായി തിരിഞ്ഞ് ഉദ്യോഗസ്ഥരെ നിയമിച്ച് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വില്ലേജ് ഓഫീസർമാർ എൽ ആർ ഡി പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന് കളക്ടർ നിർദ്ദേശിച്ചു. നാശനഷ്ടം കണക്കാക്കുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും ജില്ലയിലെ വിവിധ അസിസ്റ്റന്റ് എൻജിനീയർമാരും തങ്ങളുടെ അധികാരപരിധിയിൽ ഉള്ള വീടുകളിൽ സംഭവിച്ച നാശനഷ്ടങ്ങൾ കണക്കാക്കുന്ന പ്രവർത്തി ഏഴിനകം പൂർത്തീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് എൽ എസ് ജി ഡി ജെ ഡി യും എക്സിക്യൂട്ടീവ് എൻജിനീയറും വെള്ളരിക്കുണ്ട് തഹസിൽദാരും ഏകോപനം നടത്തും. ട്രൈബൽ വകുപ്പിൻ്റെ പിന്തുണയും ഉണ്ടാകും. ആവശ്യമായി വന്നാൽ വനം വകുപ്പ് ജില്ലാ മേധാവിയും ഇക്കാര്യത്തിൽ സഹായിക്കും.
