കാസർകോട് ഗവ.മെഡിക്കൽ കോളേജ് നിർമാണ പുരോഗതി മന്ത്രി കെ.എം ഷാജി അവലോകനം ചെയ്തു; സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ മന്ത്രി കർശന നിർദ്ദേശം നൽകി

  • Post category:local news / news
  • Reading time:2 mins read
You are currently viewing കാസർകോട് ഗവ.മെഡിക്കൽ കോളേജ് നിർമാണ പുരോഗതി മന്ത്രി കെ.എം ഷാജി അവലോകനം ചെയ്തു; സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ മന്ത്രി കർശന നിർദ്ദേശം നൽകി

കാസർകോട്: ഉക്കിനടുക്കയിലെ കാസറഗോഡ് ഗവ മെഡിക്കൽ കോളേജ് അക്കാദമിക ബ്ലോക്ക് നിർമ്മാണം ഒക്ടോബറിലും ആശുപത്രി കെട്ടിടം ഒരു പ്രധാന ബ്ലോക്ക് ഡിസംബറിലും മറ്റു ബ്ലോക്കുകൾ അടുത്ത വർഷം മാർച്ചിലും പൂർത്തിയാക്കുന്നതിന് തീരുമാനമായി. ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ അധ്യക്ഷതയിൽ ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്കിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിർമ്മാണ പ്രവർത്തനം തീരുമാനിച്ച സമയ പരിധിക്കകം പൂർത്തീകരിക്കണമെന്ന് മന്ത്രി കെ.എം ഷാജി നിർദ്ദേശം നൽകി. പുതിയ എം.ബി.ബി.എസ് ബാച്ചിൻ്റെ പ്രവേശനത്തിന് അനുമതി ലഭിച്ച സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി എത്രയും വേഗം പൂർത്തീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി സംബന്ധിച്ച് പ്രശ്നപരിഹാരത്തിന് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും കാസർകോട് വികസന പാക്കേജിൽ അനുവദിച്ച തുക ധനകാര്യ വകുപ്പിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജിൻ്റെ പൂർണമായ പ്രവർത്തനത്തിനാവശ്യമായ എല്ലാ തസ്തികകളും അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണം ഈ വർഷം ഡിസംബറിനകം പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു. കിഫ്ബി, യു.എൽ.സി.സി കിറ്റ് കോ എന്നിവരുടെ യോഗം ഒരാഴ്ചക്കകം കിറ്റ്കോ മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ ചേരുന്നതിനും നിർമ്മാണ മേഖലയിൽ കൂടുതൽ തൊഴിലാളികളെ നിയോഗിക്കുന്നതിനും തീരുമാനിച്ചു. ഹോസ്പിറ്റൽ കാഷ്വൽ ഒ.പി ബ്ലഡ് ബാങ്ക് ഉൾപ്പെടുന്ന സി-ബ്ലോക്കിൻ്റെ നിർമാണം ഈ വർഷം ഡിസംബറിൽ പൂർത്തീകരിക്കും. മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള ലാബ് സംവിധാനങ്ങൾ 75 ദിവസത്തിനകം സജ്ജീകരിക്കുമെന്ന് കെ.എം.സി.എൽ പ്രതിനിധി യോഗത്തിൽ അറിയിച്ചു. മെഡിക്കൽ കോളേജ് കെട്ടിടങ്ങളുടെ നിർമ്മാണത്തിലെ കാലതാമസം പരിഹരിക്കണമെന്ന് കല്ലട്ര മാഹിൻ എം.എൽ.എ യോഗത്തിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പൂർണമായി പ്രവർത്തന ക്ഷമമാക്കണമെന്നും എം.എൽ.എ പറഞ്ഞു.

അക്കാദമിക ബ്ലോക്ക്, ആശുപത്രി കെട്ടിടം, ഹോസ്റ്റലുകൾ അനുബന്ധ സൗകര്യങ്ങൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട നിർമാണ കരാർ കമ്പനികളോട് ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ IAS ആവശ്യപ്പെട്ടു. എല്ലാ മാസവും മെഡിക്കൽ കോളേജ് വികസനം ജില്ലാകളക്ടർ അവലോകനം ചെയ്യുന്നുണ്ട്. നിർമാണ ഏജൻസിയായ കിറ്റ്കോ മാനേജിംഗ് ഡയറക്ടർ പി.രാജേഷ് നിർമ്മാണ സ്ഥിതി വിവരങ്ങളുടെ റിപ്പോർട്ടും കാസർകോട് ഗവ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ പ്രവീൺ,
കോളേജ് പ്രിൻസിപ്പാൾ ഡോ അരുൺ കുമാർ എന്നിവർ കോളേജ് അടിസ്ഥാന സൗകര്യ വികസനത്തിന് അനിവാര്യമായ കാര്യങ്ങൾ എന്നിവ അവതരിപ്പിച്ചു. എ.കെ.എം അഷറഫ് എം.എൽ.എ ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ, എൺമകജെ പഞ്ചായത്ത് പ്രസിഡണ്ട് കുസുമാവതി, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ശങ്കര, മാഹിൻ കേളോട്ട്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, കിറ്റ് കോ, കാസർകോട് വികസന പാക്കേജ് എന്നിവയുടെ പ്രതിനിധികൾ സംസാരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യാ പി.രാജ് വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

0Shares