
തിരുവനത്തപുരം: കണ്ണൂർ എ.ഡി.എം ആയിരുന്ന കെ നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് സർക്കാർ. കേസ് സി.ബി.ഐക്ക് കൈമാറും. വിഞ്ജാപനം ഉടൻ പുറത്തിറക്കും. കെ.നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി കേസിൽ തുടർ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കുടുംബം മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടതിന് പിന്നാലെയാണ് അതിവേഗ നീക്കം. പുതിയ സർക്കാർ തീരുമാനം കുടുംബം സ്വാഗതം ചെയ്തു. സർക്കാരിൽ നിന്നും അതിവേഗ നടപടി പ്രതീക്ഷിച്ചില്ല എന്നും എന്നാൽ സർക്കാർ കൂടെ നിൽക്കുന്നതിൽ സന്തോഷമെന്നും നവീൻ ബാബുവിൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ ഏകപ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ ഔദ്യോഗിക ഫോണിൽ നിന്ന് ജില്ലാ കളക്ടറുമായി നടത്തിയ ആശയവിനിമയം ഉൾപ്പെടെയുള്ള വിവരങ്ങളും തുടർ അന്വേഷണത്തിൽ പരിശോധിച്ചു. കോടതി നിർദ്ദേശിച്ച നാലു പ്രധാന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയാണ് റിപ്പോർട്ട്. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയുടെ മൊഴിയും പുതിയ പരാതികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയാണ് കേസിൽ തുടർ അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.

ദിവ്യയുടെ ഔദ്യോഗിക ഫോൺ രേഖകൾ, ടി.വി.പ്രശാന്തൻ്റെ സ്വർണപ്പണയ ഇടപാടിൻ്റെ രേഖകൾ, സി.സി ടിവി ദൃശ്യങ്ങളുടെ പൂർണരൂപം, വിജിലൻസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വ്യക്തത തേടിയത്. റിപ്പോർട്ട് ഔദ്യോഗികമായി പരിഗണിക്കുന്നതോടെ വിചാരണ നടപടികളിലേക്ക് കടക്കും. രേഖാമൂലമുള്ള വിശദീകരണങ്ങളും അനുബന്ധ രേഖകളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതി കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടത്. ഇടത് നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരാനാണ് സാധ്യത. ചിലർക്ക് വേണ്ടി ദിവ്യ വഴിവിട്ട ഇടപെടൽ നടത്തി. ചില നേട്ടങ്ങൾക്ക് വേണ്ടി നവീൻ ബാബുവിനെ സമ്മർദ്ദത്തിലാക്കി. വഴങ്ങാതെ വന്നപ്പോൾ മാനസികമായി പീഡിപ്പിച്ചു. ഒടുവിൽ ജില്ലാ കളക്ടർ അടങ്ങുന്ന പൊതു വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ചു. ഇതോടെയാണ് ADM ആത്മഹത്യ ചെയ്തത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സി.ബി.ഐക്ക് വിടുന്ന ആദ്യ കേസാണ് നവീൻ ബാബുവിൻ്റെത്. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി. മുഖ്യമന്ത്രി വി.ഡി സതീശൻ കുടുംബത്തിന് നൽകിയ ഉറപ്പ് പാലിക്കുന്നു എന്നതാണ് വ്യക്തമാകുന്നത്. കേരളാപോലീസ് വീണ്ടും കേസ് അന്വേഷിക്കുന്നതിൽ കുടുംബത്തിന് താല്പര്യക്കുറവുണ്ട്. പോലീസിനെ സ്വാധീനിക്കാൻ പി പി ദിവ്യ യും ഇടത് നേതാക്കളും ശ്രമിക്കും എന്നതാണ് ആശങ്ക. അതിനാൽ കണ്ണൂരുമായി ബന്ധമില്ലാത്ത എന്നാൽ കേരളത്തിലെ ഇടാത്ത നേതാക്കളുമായും അടുപ്പമില്ലാത്ത സി.ബി.ഐ ഉദ്യോഗസ്ഥൻ എത്തും എന്ന പ്രതീക്ഷയിലാണ് കുടുംബം.
