
കാസർഗോഡ്: കാഞ്ഞങ്ങാട് തഹസിൽദാർ രമേശൻ കെ പൊയ്നാച്ചിക്കെതിരെ പുറത്ത് വരുന്ന വിവരാവകാശ തെളിവുകൾ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്നു. വില്ലേജ് ഓഫീസർ ആയിരിക്കെയും തുടർന്നും നടത്തിയ രേഖകളിലെ തിരിമാറിയാണ് ഇപ്പോൾ രേഖകൾ സഹീതം പുറത്ത് വരുന്നത്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തിട്ടും അട്ടിമറിച്ചു. കഴിഞ്ഞ ഇടത് ഭരണകൂടത്തിൽ സി.പി.ഐ രാഷ്ട്രീയ സംരക്ഷണം ഒരുക്കിയതും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. ബെണ്ടിച്ചാൽ സ്വദേശി യൂ ബി ആയിഷ എന്ന 80 കാരിയുടെ ഭൂമി അയൽവാസികൾ തട്ടിയെടുക്കാൻ ശ്രമിച്ചതിന് രമേശൻ രേഖകൾ തയ്യാറാക്കി സ്കെച്ചിൽ മാറ്റം വരുത്തിയതാണ് പ്രധാന കുറ്റം. ഈ കുറ്റം വിജിലൻസ് കണ്ടത്തിയിട്ടുണ്ട്. ഇതിന്മേലാണ് വിജിലൻസ് ഉദ്യോഗസ്ഥന് എതിരെ നടപടിക്ക് ശുപാർശ ചെയ്തത്. പട്ടയം ലഭിച്ച 1 ഏക്കർ ഭൂമിയിൽ നിന്നും 10 സെന്റ് ഭൂമി സർക്കാർ ഭൂമി എന്ന പേരിൽ രേഖകൾ ഉണ്ടാക്കി സ്കെച്ചിൽ ഭേതഗതി വരുത്തിയാണ് എതിർ കക്ഷികൾക്ക് വേണ്ടി രമേശൻ പ്രവർത്തിച്ചത്. മറ്റൊരു സ്വകാര്യ വ്യക്തിയുടെ ഭൂമി നിയമ വിരുദ്ധമായി മറ്റൊരാൾക്ക് സ്വന്തമാക്കുന്നത് കൂട്ടുനിന്നും എന്നതാണ് കുറ്റം. പിന്നീട് തൻ്റെ ഭാഗം ശരിപ്പെടുത്തുന്നതിന് വേണ്ടി മേലധികാരികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ സ്വാധീനത്തിൽ സർക്കാർ ഭൂമിയാക്കി സംഭവം തർക്ക ഭൂമിയാക്കുകയായിരുന്നു. 12 വർഷമായി ഓരോ മുടന്ത് ന്യായങ്ങൾ പറഞ്ഞു 80 കാരിയെയും കുടുംബത്തെയും വേട്ടയാടുകയാണ് ഈ ഉദ്യോഗസ്ഥനും റവന്യു വകുപ്പും ചെയ്തത്.
പട്ട അനുവദിച്ച ഭൂമിയിൽ സർക്കാർ ഭൂമി ഇല്ല എന്നും പരാതിക്കാരിയുടെ ഭൂമിയാണെന്നും കാണിച്ച് ജില്ലാ കളക്ടർ തയ്യാറാക്കിയ റിപ്പോർട്ടും ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവും ഇത് ശരിവെച്ചുകൊണ്ടുള്ള കോടതി ഉത്തരവുകൾ നിലനിൽക്കെ ഇപ്പോഴും കാസർഗോഡ് കളക്ടറേറ്റിലെ ചില ഉദ്യോഗസ്ഥർ പിടിവാശിയിലാണ്. മുൻ ഭരണ കാലത്ത് അദാലത്തിൽ മന്ത്രി എടുത്ത തീരുമാനവും ഉദ്യോഗസ്ഥർ നടപ്പിലാക്കിയിട്ടില്ല എന്നതാണ് ഇതിലെ ഗൗരവ വിഷയം. വിധി നടപ്പിലാക്കിയാൽ രമേശൻ അടക്കമുള്ള ഉദ്യോഗസ്ഥർ കുടുങ്ങും എന്നതിനാൽ മനപ്പൂർവ്വം ഫയലുകൾ വൈകിപ്പിക്കുന്നതായി മനസ്സിലാക്കാനാകുന്നു. യുഡിഎഫ് മന്ത്രിസഭയിൽ പ്രതീക്ഷ അർപ്പിച്ച് 80 കാരിയായ യൂ ബി ആയിഷയും കുടുംബവും റവന്യു മന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരനായ ഉദ്യോഗസ്ഥൻ സർക്കാർ ഭൂമി കയ്യേറിയ മറ്റൊരു സംഭവവും വിവരവകാശത്തിലൂടെ പുറത്ത് വന്നിട്ടും നടപടി എടുക്കത്തതിൽ മേൽ അധികാരികളെ ആശയ കുഴപ്പത്തിലാക്കുന്നു. ഈ ഫയലുകൾ രാഷ്ട്രീയ സ്വാധീനത്തിൽ പൂഴ്ത്തി വെച്ചാണ് രമേശൻ വഴിവിട്ട രീതിയിൽ പ്രൊമോഷൻ നേടിയത്. ഗുരുതര കുറ്റം ചെയ്ത ഉദ്യോഗസ്ഥൻ എങ്ങനെ പ്രൊമോഷൻ നേടി തഹസിൽദാർ ആയി എന്നതും നിലവിൽ അന്വേഷിക്കുകയാണ്. കാഞ്ഞങ്ങാട് തഹസിൽദാർ സ്ഥാനം പണം നൽകി വാങ്ങിയതാണ് എന്ന ആരോപണവും നിലവിലുണ്ട്. തഹസിൽദാർ ആകാനായി പൂർണ്ണ യോഗ്യതയും അർഹതയുമുള്ള സീനിയർ ഉദ്യോഗസ്ഥർ ജില്ലയിൽ തന്നെ ഇരിക്കെ അർഹത ഇല്ലാത്ത രമേശൻ എങ്ങനെ നേടി എന്നത് യുഡിഎഫിന് അകത്ത് പ്രധാന ചർച്ചാ വിഷയമാണ്.
