14 ജില്ലകളിലും മത്സരിച്ച മറ്റു വിദ്യാലയങ്ങളെ പിന്തള്ളി; സംസ്ഥാനത്ത് ശ്രേഷ്ട വിദ്യാലയമായി കമ്പല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ

  • Post category:local news / news
  • Reading time:3 mins read
You are currently viewing 14 ജില്ലകളിലും മത്സരിച്ച മറ്റു വിദ്യാലയങ്ങളെ പിന്തള്ളി; സംസ്ഥാനത്ത് ശ്രേഷ്ട വിദ്യാലയമായി കമ്പല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ

കാസർഗോഡ്: 2025-26 വർഷത്തെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ബെസ്റ്റ് സ്കൂൾ പെർഫോമൻസ് അവാർഡ് കാസർഗോഡ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് ലഭിച്ചു. 14 ജില്ലകളിലും മത്സരിച്ച മറ്റു വിദ്യാലയങ്ങളെ പിന്തള്ളിയാണ് കമ്പല്ലൂർ മികവിൽ രണ്ടാമതെത്തിയത്. പാഠ്യപാഠ്യേതര രംഗങ്ങളിലെ സർവ്വതോമുഖമായ മികവുകളാണ് കമ്പല്ലൂർ സ്കൂളിൻ്റെ നേട്ടത്തിന് പിന്നിലുള്ളത്. 15 വർഷങ്ങളായി തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിലെ 100% വിജയം. ഓരോ വർഷവും വർദ്ധിച്ചുവരുന്ന ഫുൾ എ പ്ലസുകൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ ജില്ലയിലെ മികച്ച വിജയം, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 31 പ്രതിഭകൾ, പ്ലസ് വൺ പരീക്ഷയിലെ മികവാർന്ന വിജയം, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് തുടങ്ങിയ മത്സരപരീക്ഷകളിലെ തുടർച്ചയായ മികവുറ്റ നേട്ടങ്ങൾ എന്നിവ അക്കാദമിക രംഗത്തെ മികവുകളെ പിന്തുണയ്ക്കുന്നു.

കേരള സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ വർഷം ചിറ്റാരിക്കൽ ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, കാസർഗോഡ് റവന്യൂ ജില്ലയിൽ ഹയർ സെക്കന്ററി ചാമ്പ്യൻഷിപ്പ്, ശാസ്ത്രോത്സവത്തിൽ ചിറ്റാരിക്കൽ ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ് ഗണിതശാസ്ത്രമേള എന്നിവയിൽ ഹയർ സെക്കന്ററി വിഭാഗത്തിലെ ചാമ്പ്യൻഷിപ്പുകൾ, കായികരംഗത്ത് വിവിധ മത്സരങ്ങളിൽ കൈവരിച്ച തിളക്കമാർന്ന നേട്ടങ്ങൾ, സംസ്ഥാനതല മത്സരങ്ങളിലെ പങ്കാളിത്തവും ഗ്രേഡുകളും എല്ലാം വിദ്യാലയത്തിൻ്റെ സർവ്വമുഖമായ നേട്ടങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രം. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി ഭാഗത്തിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ നേടാൻ കഴിഞ്ഞത് എടുത്തു പറയേണ്ട നേട്ടമാണ്. കായികരംഗത്ത് സുബ്രതോ കപ്പ് ഫുട്ബോൾ മത്സരങ്ങളിലും വോളിബോളിലും ഉപജില്ല, ജില്ലാ തലങ്ങളിൽ മികച്ച വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന സെപ്റ്റ് ഫുട്ബോൾ കോച്ചിംഗ് സെൻറർ കായിക രംഗത്ത് പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ മികച്ച സംഭാവനകൾ നൽകിവരുന്നു. സംസ്ഥാനതല സെപ്റ്റ് ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടാനായത് മികച്ച വിജയമാണ്.

സമൂഹ പങ്കാളിത്തം വിദ്യാലയ പ്രവർത്തനങ്ങളിൽ ഉറപ്പിക്കുന്ന പ്രാദേശിക വിദ്യാഭ്യാസ സമിതികൾ, ക്ലീൻ കമ്പല്ലൂർ പദ്ധതി, മഴവെള്ള കൊയ്ത്ത് സർവ്വേ മുതലായവ വിദ്യാലയവും സമൂഹവും തമ്മിൽ നേതൃത്വം ദൃഢമായ ബന്ധത്തിൻ്റെ ഉദാഹരണങ്ങളായി. ക്യാമ്പസ് ശുചീകരണത്തിൽ വിദ്യാലയം നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടവയാണ്. ക്ലീൻ കമ്പല്ലൂർ പദ്ധതിയുടെ ഭാഗമായി കമ്പല്ലൂർ ടൗണിലെ ശുചീകരണവും വിദ്യാലയം ഒരു ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. ഒരോ വർഷവും വിദ്യാലയത്തിലേക്ക് പുതുതായി കുട്ടികൾ എത്തിച്ചേരുന്നത് വൻതോതിൽ വർദ്ധിച്ചുവരുന്നുണ്ട്. ഒരോ ക്ലാസിലും ഒരു വർഷവും വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നത് ശ്രദ്ധേയമാണ്. രണ്ട് ഡിവിഷൻ മാത്രം ഉണ്ടായിരുന്ന എട്ടാം ക്ലാസ് ഇക്കുറി 4 ഡിവിഷനുകളായാണ് വർദ്ധിച്ചത്. വിദ്യാലയത്തിൽ കുട്ടികൾ ഉൾപ്പെട്ട വിവിധ കൂട്ടായ്മകൾ, എൻ എസ് എസ്, എസ് പി സി, റോവർ സ്കൗട്ട്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻ സംവിധാനം, കൗൺസിലിംഗ് യൂണിറ്റ് എന്നിവയും ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെടുന്നതിൽ സുപ്രധാന ഘടകങ്ങളായി മാറി.

കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വർദ്ധിപ്പിക്കാൻ തനതായ നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്. കമ്പലൂർ സി.ആർ.സി ഗ്രന്ഥശാലയുമായി ചേർന്ന് കുട്ടികളുടെ വായനയെ പരിപോഷിക്കാൻ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. സാഹിത്യ സംവാദങ്ങൾ, ഒരു കഥ പറയാം, എഴുത്തുകാരുമായി മുഖാമുഖം എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്. അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ വിഭാഗത്തിലും സ്കൂൾ റിസോഴ്സ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ആസൂത്രണങ്ങളും മൂല്യനിർണയ സംവിധാനങ്ങളും പരിഹാര പ്രവർത്തനങ്ങളും മാതൃകാപരമാണ്. അധ്യാപക രക്ഷാകർതൃ സമിതി, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, മദർ പി.ടി.എ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, സ്കൂൾ ജാഗ്രത സമിതി എന്നിവയുടെ പ്രവർത്തനങ്ങളും വിദ്യാലയത്തിൻ്റെ നേട്ടത്തിനു പിന്നിലെ ചാലക ശക്തികളായി മാറി. രക്ഷിതാക്കളുടെ സഹകരണത്തോടെ മികച്ച രീതിയിൽ നടക്കുന്ന ഉച്ച ഭക്ഷണ പരിപാടി മറ്റൊരു ഉദാഹരണം. കുട്ടികൾ പിറന്നാൾ സമ്മാനമായി ഭക്ഷണപ്പുരയിലേക്ക് പച്ചക്കറികളും മറ്റു വിഭവങ്ങളും സംഭാവന ചെയ്യുന്ന പ്രവർത്തനങ്ങൾ വർഷങ്ങളായി നടന്നുവരുന്നു. ഭൗതിക സാഹചര്യങ്ങളിൽ വിദ്യാലയത്തിലെ കെട്ടിടസൗകര്യം, മികച്ച ലാബുകൾ, ജില്ലയ്ക്കാകെ മാതൃകയായ ജിയോ ലാബ്, കേരളത്തിൽ ആകെയുള്ള 5 റിയാലിറ്റി ലാബുകളിൽ ഒന്ന്, മാത്സ് ഐ.ടി ലാബുകൾ, പിടിഎ തനതായി നടപ്പിലാക്കിയ നിരവധി വികസന പ്രവർത്തനങ്ങൾ എന്നിവയും പുരസ്കാരം നേട്ടത്തിലെ പ്രധാന നാഴികക്കല്ലുകളാണ്.

മറ്റു വിദഗ്ധരുടെ സഹായങ്ങൾ ഒന്നുമില്ലാതെ സ്കൂളിലെ അധ്യാപകർ കൂട്ടായി തയ്യാറാക്കിയ വിദ്യാലയ മികവുകളുടെ റിപ്പോർട്ട് കഴിഞ്ഞ വർഷങ്ങളിൽ വിദ്യാലയത്തിൽ നടന്ന മികച്ച പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങൾ ഓരോന്നായി എടുത്തു കാണിക്കുന്നു. മറ്റു 13 ജില്ലകളിലെയും ജേതാക്കളോടൊപ്പം സംസ്ഥാനതലത്തിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെടാൻ ഹൈസ്കൂൾ, ഹയർ സെക്കന്ററി ഭേദങ്ങളില്ലാതെ വിദ്യാലയത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും കൂട്ടായി, ചിട്ടയായി ആസൂത്രണം ചെയ്യുന്ന രീതിശാസ്ത്രം കമ്പല്ലൂരിന് മാത്രം സ്വന്തം. ഹൈസ്കൂൾ വിഭാഗത്തിൻ്റെയും ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെയും ഓഫീസുകൾ ഒന്നിച്ച് പ്രവർത്തിക്കുന്ന സമാനതകളില്ലാത്ത മാതൃകയും കമ്പല്ലൂരിൻ്റെ തനതു സവിശേഷതയാണ്. വിദ്യാലയത്തിൻ്റെ പ്രധാന പ്രവർത്തനങ്ങളെല്ലാം ഹൈസ്കൂൾ ഹയർ സെക്കൻഡറി വേർതിരിവുകൾ ഇല്ലാതെ ഒന്നിച്ച് ആസൂത്രണം ചെയ്യുന്ന രീതിയാണ് ഏറ്റവും ശ്രദ്ധേയം. ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വർഷങ്ങൾക്കു മുൻപ് സംസ്ഥാനതലത്തിൽ ലഭിച്ച നേട്ടത്തിനു ശേഷം മറ്റൊരു സംസ്ഥാനതല നേട്ടത്തിന് വേണ്ടി കമ്പല്ലൂരൊന്നാകെ കാത്തിരിക്കുകയായിരുന്നു.

0Shares