സൗദി അറേബ്യക്ക് നേരെ അതിശക്തമായ ആക്രമണം തുടർന്ന് ഹൂത്തികൾ; തിരിച്ചടിച്ച് സൗദി സഖ്യസേനയും; വിമാന സർവീസുകളെ ബാധിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing സൗദി അറേബ്യക്ക് നേരെ അതിശക്തമായ ആക്രമണം തുടർന്ന് ഹൂത്തികൾ; തിരിച്ചടിച്ച് സൗദി സഖ്യസേനയും; വിമാന സർവീസുകളെ ബാധിച്ചു

റിയാദ്: സൗദി അറേബ്യക്ക് നേരെ അതിശക്തമായ ആക്രമണം തുടർന്ന് ഹൂത്തികൾ. ധഹ്റാൻ ആസ്ഥാനത്തുള്ള സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം നടന്നു. റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ക്രൂയിസ് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തു. എന്നാൽ, ഇതിൻ്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് പേർക്ക് പരിക്കേറ്റു. 15 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തരിച്ചടിയായി ഹൂത്തികളുടെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും സൗദി ആക്രമണം നടത്തുന്നുണ്ട്. സനയിലെ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെയും സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇവിടെയുള്ള ഭൂഗർഭ ഇന്ധന ശേഖരങ്ങളും മിസൈൽ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വലിയ നാശം ഹുതികൾക്ക് സംഭവിച്ചു എന്നാണ് വിവരം. സൗദി സഖ്യസേനയും യമനിലെ ഹൂതി വിമതരും തമ്മിൽ പരസ്പരം ആക്രമണം തുടരുകയാണ്. സൗദിയുടെ തലസ്ഥാനമായ റിയാദും കിഴക്കൻ പ്രവിശ്യയും ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി സൗദി സഖ്യസേന വ്യക്തമാക്കി. തുടർച്ചയായ ആക്രമണ ഭീഷണിയെത്തുടർന്ന് മുൻകരുതൽ നടപടിയെന്നോണം പല എയർലൈനുകളും റിയാദിൽ നിന്നുള്ള തങ്ങളുടെ വിമാനങ്ങൾ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സൗദി വ്യോമപാത ഉപയോഗിക്കരുതെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. സൗദിയിലേക്കുള്ള വിമാന സർവീസുകളെ ഇത് കാര്യമായി ബാധിച്ചു.

0Shares