
കാസർഗോഡ്: ഹൊസ്ദുർഗ് തഹസിൽദാർ രമേശൻ കെ പൊയിനാച്ചി സർക്കാർ ഭൂമി കയ്യേറിയതിന് പിന്നാലെ വകുപ്പ് തല അച്ചടക്ക നടപടിക്ക് ദേശീയ പാത സ്പെഷ്യൽ തഹസിൽദാർ കത്ത് നൽകി. കയ്യേറ്റം നടന്നതായി സ്ഥലം സന്ദർശിച്ച് രേഖാമൂലം വിവരം കൈമാറിയ താലൂക്ക് സർവേയറുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കലക്ടർക്കാണ് കത്ത് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ തെളിവ് ചാനൽ ആർ.ബിക്ക് ലഭിച്ചു. സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൽ.എ NH കാസർഗോഡ് മുഖേന ജില്ലാ കളക്ടർക്ക് കൈമാറിയ കത്താണ് ചാനൽ ആർ.ബി പുറത്ത് വിടുന്നത്. കേരള പൊതുമരമുത്ത് ഭൂമിയും ദേശീയ പാതയുടെ ഭൂമിയും കയ്യേറിയ സംഭവത്തിൽ താലൂക്ക് സർവേയർ സ്കെച്ച് സഹീതം റിപ്പോർട്ട് അതാത് വകുപ്പിനെ വിവരം അറിയിച്ചിരുന്നു. ഇതിൽ നടപടി ആവശ്യപ്പെട്ടാണ് ദേശീയ പാത തഹസിൽദാർ എൽ.എ NH യൂണിറ്റ് 1 കാസർഗോഡ്, തുടർ നടപടി സ്വീകരിച്ചിട്ടുള്ളത്. കയ്യേറ്റം മറച്ചുവെക്കാനും തഹസിൽദാറെ രക്ഷിക്കാനും ഉദ്യോഗസ്ഥരുടെ ഭഗത്ത് നിന്നും ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെങ്കിലും നിരന്തരമായുള്ള ചാനൽ ആർ.ബി വാർത്തയാണ് തുടർ നടപടികളിലേക്ക് വഴിവെച്ചത്.


കയ്യേറ്റക്കാരിൽ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കത്തിൽ എടുത്ത് പറയുന്നുണ്ട്. സർക്കാർ ഭൂമി കയ്യേറി കുടുംബ സ്വത്തിനോട് ചേർത്ത് ഉടമസ്ഥ അവകാശം ഉന്നയിക്കാനുള്ള ബോധപ്പൂർവ്വമായ ശ്രമമാണ് കയ്യേറ്റക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ സംഭവം ചാനൽ ആർ.ബി വാർത്ത പുറത്ത് വിട്ടതോടെ വിഷയം സർക്കാർ ഗൗരവത്തിൽ എടുത്തു. പിതൃ അവകാശ സ്വത്തിൽ മകനായ ഹൊസ്ദുർഗ് തഹസിൽദാറും ഉണ്ടെന്ന ഗൗരവ വിഷയം ഉദ്യോഗസ്ഥർ മൂടിവെക്കാൻ പല തവണ ശ്രമം നടത്തി. എന്നാൽ നിരന്തരമായുള്ള വാർത്ത ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിച്ചു. വിഷയം ദേശീയ പാത അധികാരികളുടെ ശ്രദ്ധയിൽപെടുത്തി. കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറുന്നത് വളരെ ഗൗരവം ഏറിയ വിഷയമാണ്. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. തെക്കിൽ വില്ലേജിൽ റി.സ. നമ്പർ 166/20 ൽ പെട്ട ഭൂമിയിലാണ് കയ്യേറ്റം നടന്നത്. ഇത് പൊയിനാച്ചി ദേശീയ പാതയോട് ചേർന്നുള്ള സ്ഥലമാണ്. സർക്കാർ ഭൂമി സർക്കാർ ഉദ്യോഗസ്ഥൻ തന്നെ കയ്യേറിയൽ യുഡിഎഫ് ഭരണകാലത്ത് നടപടി ഉണ്ടാകുമോ എന്നത് കണ്ടറിയണം.
