
ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്: കാസർഗോഡ്: ഹൊസ്ദുർഗ് തഹസിൽദാർ രമേശൻ കെ പൊയിനാച്ചി സർക്കാർ ഭൂമി കയ്യേറിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് IAS നിർദ്ദേശം നൽകി. തെക്കിൽ വില്ലേജിലെ വില്ലേജ് ഓഫീസർ ആയിരിക്കെ അതെ വില്ലേജിലെ പൊയ്നാച്ചി എന്ന പ്രദേശത്ത് ദേശീയ പാതയോട് ചേർന്നുള്ള സർക്കാർ ഭൂമി കയ്യേറിയ സംഭവത്തിലാണ് അന്വേഷണം. PWD ഭൂമിയും ദേശീയ പാതയുടെ ഭൂമിയും കയ്യേറി കൈവശം വിച്ചിരുന്നതായി വർഷങ്ങൾക്ക് മുമ്പ് തന്നെ പരാതി ഉയർന്നിരുന്നു. ലാൻഡ് റവന്യു കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് സർവേയർ അളന്ന് അതിർത്തി നിർണയിച്ച് സർക്കാർ ഭൂമി കയ്യേറ്റം ഉണ്ടെന്ന വ്യക്തമായ റിപ്പോർട്ടും സ്കെച്ചും 05-03-2025 ന് തഹസിൽദാർക്ക് കൈമാറി. എന്നാൽ അന്നത്തെ വില്ലജ് ഓഫീസറോ ഭൂരേഖ തഹസിൽദാരോ തഹസിൽദാറോ യാഥരു നടപടിയും സ്വീകരിച്ചില്ല. വില്ലേജ് ഓഫീസർ KLC പ്രകാരമുള്ള മഹസ്സർ തയ്യാറാക്കുകയോ നോട്ടിസ് നൽകുകയോ ചെയ്തില്ല എന്നതും ഗുരുതര വീഴ്ചയായി. ഇത് കയ്യേറ്റക്കാരനെ സഹായിക്കുന്ന സമീപനമായി മാറി. പരാതിക്കാരൻ നിരന്തരം മേലധികാരികളെ ബന്ധപെട്ടിട്ടും യാഥരു നടപടിയും ഉണ്ടായില്ല. കയ്യേറ്റക്കാരനായ ഉദ്യോഗസ്ഥനെ സഹായിക്കുന്ന സമീപനമാണ് മറ്റു ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ഇത് രമേശന് അനർഹമായ പ്രമോഷൻ അടക്കം നേടാനും തഹസിൽദാർ പദവിയിൽ എത്താനും സഹായകരമായി. സർക്കാർ ഭൂമി കയ്യേറിയ ഉദ്യോഗസ്ഥൻ തന്നെ പ്രധാന സ്ഥാനത്ത് എത്തുന്നത് നിയമപരമായി ഗുരുതരമായ കുറ്റമാണ്. ഈ സംഭവം തെളിവുകളുടെ അടിസ്ഥാനത്തിൽ ചാനൽ ആർ.ബി വർത്തയാക്കിയതോടെയാണ് വിഷയം ചർച്ചയാവുന്നത്. പിന്നീട് ഫയലുകൾ നീങ്ങി തുടങ്ങി.


വാർത്തയുടെ അടിസ്ഥാനത്തിൽ ദേശീയ പാത വിഭാഗം സ്പെഷ്യൽ തഹസിൽദാർ സ്ഥലം സന്ദർശിച്ചു. നിജസ്ഥിതി ബോധ്യപ്പെട്ടതോടെ രേഖകൾ സഹീതം LA NH സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർക്ക് നടപടിക്കായി റിപ്പോർട്ട് കൈമാറി. എന്നാൽ ഈ റിപ്പോർട്ടുകൾ ജില്ലാകളക്ടറുടെ കൈകളിൽ എത്താതിരിക്കാൻ ചില ഉദ്യോഗസ്ഥർ കരുക്കൾ നീക്കി. ഇത് മനസ്സിലാക്കിയ ചാനൽ ആർ.ബി പ്രതിനിധി തെളുവുകൾ അടങ്ങിയ രേഖകൾ ജില്ലാ കളക്ടർക്ക് നേരിട്ട് കൈമാറുകയാണുണ്ടായത്. ഇതോടെ വിശദമായ അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി. ഡെപ്യൂട്ടി കളക്ടർ (LA) ബിജേഷ് ബി.സി KAS നാണ് അന്വേഷണ ചുമതല. 30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കളക്ടർ അടങ്ങുന്ന അന്വേഷണ സംഘം കയ്യേറ്റ സ്ഥലം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
