അതിവേഗ റെയിൽ പദ്ധതിയിൽ കാസറഗോഡിനെ അവഗണിക്കുന്നതിൽ പ്രതിഷേധം; ജില്ലയിലെ എം.എൽ.എമാരും എം.പി യും സമ്മർദ്ദം ചെലുത്തണം; ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നു; ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്..

You are currently viewing അതിവേഗ റെയിൽ പദ്ധതിയിൽ കാസറഗോഡിനെ അവഗണിക്കുന്നതിൽ പ്രതിഷേധം; ജില്ലയിലെ എം.എൽ.എമാരും എം.പി യും സമ്മർദ്ദം ചെലുത്തണം; ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നു; ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്..

കാസർകോട്: കേരളത്തിൻ്റെ സ്വപ്‍ന പദ്ധതിയായ അതിവേഗ റെയിൽ പാതയിൽ ചർച്ചകൾ തുടരുമ്പോൾ ആദ്യഘട്ടത്തിൽ കാസറഗോഡിനെ പരിഗണിക്കാത്തതിൽ പ്രതിഷേധം. തിരുവനതപുരം – കണ്ണൂർ പദ്ധതിയായി മുന്നോട്ട് പോയാൽ യുഡിഎഫ് സർക്കാർ നേരിടുക കടുത്ത പ്രതിഷേധമാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ കാസറഗോഡിനെ ഉൾപ്പെടുത്തണം എന്നതാണ് ആവശ്യം. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതിയുടെ DPR ൽ കാസറഗോഡ് ഇടം പിടിച്ചില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം. പിണറായി സർക്കാർ പദ്ധതിയായ കെ റെയിൽ പദ്ധതി ഒഴിവാക്കി ഈ ശ്രീധരനുമായി യുഡിഎഫ് സർക്കാർ കൈകോർക്കുമ്പോൾ കാസറഗോഡിനും കൂടി ആദ്യ ഘട്ടത്തിൽ തന്നെ പരിഗണന ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. DPR ൽ മാറ്റം വരുത്തി പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ കാസറഗോഡിനെ ഉൾപെടുത്താൻ മുഖ്യമന്ത്രി നിർദേശം നൽകണം. ഇതിനായി കാസർഗോഡ് ജില്ലയിലെ എം.എൽ.എ മാരും എം.പി യും സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യം ഉയരുകയാണ്. വന്ദേ ഭാരത് ട്രെയിൻ കേരളത്തിൽ സർവീസ് ആരംഭിക്കുമ്പോൾ ആദ്യം തിരുവനന്തപുരം-കണ്ണൂർ സർവീസായി മാത്രം ഷെഡ്യൂൾ തയ്യാറാക്കിയതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം ഉയർന്നതോടെയാണ് കാസറഗോഡുവരെ നീട്ടിയതും തിരുവനന്തപുരം- കാസറഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നതും. റെയിൽവേ വികസനത്തിലും സർവീസുകളിലും കാസറഗോഡിനെ അവഗണിക്കുന്നത് നാട്ടുകാർക്കിടയിലും യാത്രക്കാർക്കിടയിലും വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നിലവിൽ ജില്ലാ കളക്ടർ ട്രെയിനുകൾക്ക് കാസറഗോഡ് സ്റ്റോപ്പ് അനുവദിക്കുന്നതും കണ്ണൂരിൽ നിന്നും കാസറഗോഡ് വരെ സർവീസ് നീട്ടുന്നതുമായി ബന്ധപ്പെട്ട് റെയിൽവെക്ക് വിശദമായ റിപ്പോർട്ട് തന്നെ സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുതിയ അതിവേഗ റെയിൽ പദ്ധതിയിലും കാസറഗോഡിനെ അവഗണിക്കുന്ന നടപടി ഉണ്ടാകുന്നത്.

പുതിയ അതിവേഗ റെയിൽ പദ്ധതി: മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ട് വെച്ച പദ്ധതിയാണ് യുഡിഎഫ് സർക്കാർ പരിഗണനയിൽ എടുത്തിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി 2026 മെയ് 29, വെള്ളിയാഴ്ച മുഖ്യമന്ത്രി വി.ഡി സതീശനുമായി ഇ ശ്രീധരൻ ചർച്ച നടത്തി. പദ്ധതിയുടെ വിശദമായ രൂപരേഖ (ഡിപിആർ) അദ്ദേഹം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പൂജപ്പുര മുതൽ കണ്ണൂരെ മുണ്ടയാട് വരെ 473.20 കിലോമീറ്റർ ദൂരത്തിലാണ് ഈ അതിവേഗ റെയിൽപാത വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തുടനീളം 23 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പൂജപ്പുരയിൽനിന്ന് തുടങ്ങി തിരുവനന്തപുരം എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട ജങ്ഷൻ, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, എറണാകുളം (പാലാരിവട്ടം), ആലുവ, കൊച്ചി എയർപോർട്ട്, ചാലക്കുടി, തൃശൂർ ജങ്ഷൻ, പട്ടാമ്പി ജങ്ഷൻ, മലപ്പുറം, കോഴിക്കോട് എയർപോർട്ട്, കോഴിക്കോട് ജങ്ഷൻ, ബാലുശ്ശേരി, നാദാപുരം, കൂത്തുപറമ്പ് വഴി കണ്ണൂർ മുണ്ടയാട് അവസാനിക്കുന്ന രീതിയിലാണ് സ്റ്റേഷനുകളുടെ ക്രമം. സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്റർ ആയിരിക്കും. കണ്ണൂർ ഒഴികെയുള്ള മൂന്ന് വിമാനത്താവളങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത, കണ്ണൂർ വിമാനത്താവളത്തിലേക്ക് മുണ്ടയാട് സ്റ്റേഷനിൽനിന്ന് പത്ത് കിലോമീറ്റർ ദൂരത്തിൽ മികച്ച റോഡ് നിർമ്മിക്കാനും ശുപാർശ ചെയ്യുന്നു. തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ ദൂരം ടണലിലൂടെയോ ഭൂമിക്കടിയിലൂടെയോ കടന്നുപോകുമെങ്കിലും ബാക്കി മുഴുവൻ പാതയും ആകാശപാത (Elevated) ആയിട്ടാണ് നിർമ്മിക്കുക. ഇതിനായി 20 മീറ്റർ വീതിയിൽ മാത്രം ഭൂമി ഏറ്റെടുത്താൽ മതിയാകും. നിർമ്മാണത്തിന് ശേഷം ഈ ഭൂമി ഉടമകൾക്കുതന്നെ കൃഷിക്കോ കന്നുകാലി വളർത്തലിനോ നിശ്ചിത വ്യവസ്ഥകളോടെ പാട്ടത്തിന് നൽകാനാകും എന്നതാണ് സവിശേഷത. ലോകത്തിലെ ആദ്യത്തെ ഹരിത റെയിൽ ഇടനാഴി എന്നതാണ് മറ്റൊരു സവിശേഷത. സ്വന്തം സൗരോർജ്ജ പ്ലാന്റുകളിൽനിന്നുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹരിത റെയിൽ പദ്ധതി. ആവശ്യമായ ഊർജ്ജം ഉൽപ്പാദിപ്പിച്ച ശേഷം ബാക്കിവരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകാനാകും എന്ന് പറയപ്പെടുന്നു

തുടക്കത്തിൽ 12 കോച്ചുകളിലായി 800 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രെയിനുകളാണ് സർവീസ് നടത്തുക. ദിവസത്തിലെ തിരക്കുള്ള സമയങ്ങളിൽ ഓരോ 20 മിനിറ്റിലും അല്ലാത്തപ്പോൾ 40 മിനിറ്റിലും സർവീസുകൾ ഉണ്ടാകും. കോച്ചുകളുടെ എണ്ണം ഭാവിയിൽ 16 വരെയായും സമയക്രമം ഓരോ അഞ്ച് മിനിറ്റിലും സർവീസ് എന്നരീതിയിലും വർദ്ധിപ്പിക്കാം. അങ്ങനെവന്നാൽ പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടാകും. യാത്രക്കാർക്ക് നിന്ന് യാത്രചെയ്യാൻ അനുവാദമുണ്ടാകില്ലെന്നും മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമേ യാത്ര അനുവദിക്കൂ എന്നും രൂപരേഖയിൽ വ്യക്തമാക്കുന്നു.

എന്നാൽ പരമാവധി മണിക്കൂറിൽ 200 വേഗത എന്നത് സാധാരണ റെയിൽ പദ്ധതിയായേ ഇതിനെ വിശേഷിപ്പിക്കാനാകു. നിലവിലെ ട്രെയിനുകൾ 135 വേഗതയിൽ ഓടുന്നുണ്ട് എന്നതും നാം ഓർക്കണം. പുതിയ പദ്ധതി വിഭാവനം ചെയ്യുമ്പോൾ ഭാവി 50 വർഷം മുന്നോട്ട് കണ്ട് വേണം പ്രവർത്തിക്കാൻ. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ചതും അതിവേഗവും കൈവരിക്കുന്ന പദ്ധതിയല്ലേ കേരളത്തിന് ആവശ്യം. ചൈനയിലും ജപ്പാനിലും 300 ഉം 400 കടന്ന് (600 km/h) (373mph) പരീക്ഷണ ഒട്ടകം നടത്തുന്ന തിരക്കിലാണ്. മറ്റു രാജ്യങ്ങൾ ഹൈപ്പർലൂപ്പ് (Hyperloop), പദ്ധതിയുടെ പിന്നാലെയാണ് എന്നതും നാം മറന്നുപോവരുത്.

0Shares