Categories
articles news

രാജ്യത്തെ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലില്‍; നിയന്ത്രണങ്ങൾ കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങൾ

കൊവിഡ് പശ്ചാത്തലത്തിൽ ഗോവയിൽ ഈ മാസം 9 മുതൽ 23 വരെ ലോക്ഡൗൺ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും കർണാടകയിലും പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ഈ മാസം 10 മുതൽ 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യസർവ്വീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ 10 വരെ പ്രവർത്തിക്കും. അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകൾക്ക് തമിഴ്നാട്ടിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് അതിർത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങൾ തടയും. അടിയന്തര ആവശ്യമുള്ള യാത്രകൾ അനുവദിക്കും.

കർണാടകത്തിൽ മെയ് 10 മുതൽ 25 ന് രാവിലെ 6 വരെയാണ് ലോക്ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ 10വരെ മാത്രമേ തുറക്കുകയുള്ളൂ, എന്നാൽ വാഹനങ്ങളിൽ കടകളിൽ പോകാൻ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളടക്കം സംസ്ഥാനത്ത് പരമാവധി അടച്ചിട്ട് രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം. ഷെഡ്യൂൾ ചെയ്ത ഫ്‌ലൈറ്റുകളും ട്രെയിനുകളും മാത്രമേ ഈ കാലയളവിൽ പ്രവർത്തിക്കൂ. മെട്രോ റെയിൽ സർവീസുകൾ നിർത്തും.

അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ ടാക്‌സികളൾക്ക് ഇളവില്ല. ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളം, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടത് സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 592 പേരാണ് കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് പശ്ചാത്തലത്തിൽ ഗോവയിൽ ഈ മാസം 9 മുതൽ 23 വരെ ലോക്ഡൗൺ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. പലചരക്ക് കടകൾ രാവിലെ 7 മുതൽ 1 വരെ തുറന്നു പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്സലുകൾ മാത്രമാണ് ലഭ്യമാവുക.ഗോവയിൽ മരണ നിരക്ക് കൂടുകയാണെന്നും ജാഗ്രത പാലിക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ഇന്ത്യയിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ഡൽഹി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, ഝാർഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങൽ നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest