
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്ഇ.ബി അറിയിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മൺസൂൺ എത്തിയിട്ടും മഴ ശക്തിപ്പെടാത്തതിനാൽ വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിലും കൂടുതലായി 4900 മെഗാവാട്ട് വരെ ഉയർന്നു. വൈദ്യുതി ഉപഭോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർധന രേഖപ്പെടുത്തി. ഇതോടെ ജൂൺ 16 മുതൽ 30 വരെ ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടേണ്ടിവരുമെന്നാണ് കണക്ക്. സാഹചര്യം വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വൈദ്യുതി നിയന്ത്രണം യു.ഡി.എഫ് സർക്കാരിന് തിരിച്ചടിയാകും. ഫിഫ വേൾഡ് കപ്പ് നടക്കുമ്പോൾ സംസ്ഥാനത്ത് നിയന്ത്രണം തുടരുന്നതിലും എതിർപ്പ് ഉയരുകയാണ്.
