
കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നടത്തിയ നിയമനം വിവാദത്തിൽ. പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് ഉയർന്ന പദവിയിൽ നിയമനം നൽകിയതാണ് വിവാദമായത്. സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇത് ഇടത് കേന്ദ്രങ്ങൾ വിവാദമാക്കുകയാണുണ്ടായത്. ബന്ധു നിയമനം എന്നാണ് ആരോപണം. സംഭവം വിവാദമായതോടെ യുഡിഎഫിലും ചോദ്യങ്ങൾ ഉയരുകയാണ്. ഇടത് മന്ത്രിമാർ നടത്തിയ നിയമനം ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിട്ട് ഇപ്പോൾ ഭരണം ലഭിച്ചപ്പോൾ അതേ രീതി പിന്തുടരുന്നതിലും എതിർപ്പ് ഉയർന്നു.
അതേസമയം ഡി.സി.സി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിൻ്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിൻ്റെ വാദം. എന്നാൽ കെപിസിസി പ്രസിഡന്റ് ആയപ്പോൾ സണ്ണി ജോസഫിൻ്റെ സഹായിയായി കൂടേ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്.
