
കാസറഗോഡ്: കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നാളെ ജൂൺ 6 ന് കാസറഗോഡ് ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള ‘റെഡ് അലർട്ട്’ (Red Alert) മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ കർശന മുൻകരുതലുകളും ദുരന്ത പ്രതികരണ പ്രവർത്തനങ്ങളും ഉറപ്പാക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ഉത്തരവിട്ടു. തെക്ക് പടിഞ്ഞാറൻ കാലവർഷം ജൂൺ 4-ന് കേരളത്തിൽ പ്രവേശിച്ചതിനെത്തുടർന്നാണ് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. മഴ കൂടിയതിനാൽ നദികൾ, തോടുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
അടിയന്തര സാഹചര്യം നേരിടാൻ: അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകളെയോ പോലീസിനെയോ ബന്ധപ്പെടാം. ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും സജ്ജീകരിച്ചിട്ടുണ്ട്. തഹസിൽദാർമാർ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ ആവശ്യമുള്ള ഘട്ടങ്ങളിൽ ആരംഭിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങൾ അപകടസാധ്യതയുള്ള ജനവിഭാഗങ്ങളെയും ഉന്നതികളിൽ താമസിക്കുന്നവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണം. ജില്ലയിലെ എല്ലാ ആശുപത്രികളും, സി.എച്ച്.സി (CHC), പി.എച്ച്.സി (PHC) കളും ആവശ്യത്തിന് ജീവനക്കാരെയും മരുന്നുകളും സജ്ജമാക്കി 24 മണിക്കൂറും ആരോഗ്യ വകുപ്പ് പൂർണ്ണസജ്ജമായി പ്രവർത്തിക്കണം. ഫീൽഡ് തല മെഡിക്കൽ ടീമുകളെ രൂപീകരിക്കുകയും പകർച്ചവ്യാധി പ്രതിരോധ നടപടികൾ ഉറപ്പാക്കുകയും ചെയ്യണം.
കർശന നിർദ്ദേശം, നിയന്ത്രണം: ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് ഓരോ 3 മണിക്കൂറിലും ജലസേചന വകുപ്പ് കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. വെള്ളപ്പൊക്ക സാധ്യതയുള്ളതും ഒഴിപ്പിക്കേണ്ടതുമായ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൃത്യസമയത്ത് കൈമാറണം. മലയോര റോഡുകളിലെ അരുവികൾക്കും തോടുകൾക്കും സമീപം വാഹനങ്ങൾ നിർത്തുന്നതും നദികളിൽ കുളിക്കുന്നതും വിനോദസഞ്ചാരികൾ ഒഴിവാക്കണം. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാളെ നിയന്ത്രണം ഉണ്ടായിരിക്കുന്നതായിരിക്കും. ഹൗസ് ബോട്ട്, ട്രക്കിംഗ്, ബോട്ടിംഗ്, കയാക്കിംഗ്, കായിക വിനോദങ്ങൾ എന്നിവ കർശനമായി നിയന്ത്രിക്കണം.
ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം: ക്വാറികളിൽ മണ്ണ് നീക്കം ചെയ്യൽ അടക്കമുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഉത്തരവിട്ടു. മഴ മാറി കുറഞ്ഞത് 24 മണിക്കൂർ കഴിയുന്നതുവരെ ക്വാറികളിൽ സ്ഫോടനങ്ങൾ (Quarry blasting) പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
മറ്റു നിർദേശങ്ങൾ: കടലിലും പുഴകളിലും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കും തീരദേശവാസികൾക്കും കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകേണ്ടതാണ്. വിശദമായ ദുരന്ത ലഘൂകരണ പ്രതികരണ മാർഗ്ഗരേഖകൾ ‘കാലവർഷ-തുലാവർഷ മുന്നൊരുക്ക മാർഗ്ഗരേഖ ഓറഞ്ച് ബുക്ക് 2025’ അനുസരിച്ച് നടപ്പിലാക്കാൻ എല്ലാ വകുപ്പ് മേധാവികൾക്കും ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തഹസിൽദാർമാരുമായും തദ്ദേശ സ്വയംഭരണ വകുപ്പ ജോയിൻ്റ് ഡയറക്ടറുടേയും ഒരു യോഗം എ.ഡി.എം കെ.വി ശ്രുതിയുടെ അധ്യക്ഷതയിൽ നടത്തി. ദുരന്ത സാധ്യത സ്ഥലങ്ങളിൽ നിരന്തരം ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. താലൂക്ക് കൺട്രോൾ റൂമുകളുടെ പ്രവർത്തനം 24X7 ഉറപ്പാക്കാൻ നിർദ്ദേശിച്ചു. റിലീഫ് ക്യാമ്പുകൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു. എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരുടെയും യോഗം ജോയിൻ്റ് ഡയറക്ടർ നടത്തി. ജോയിൻ്റ് ഡയറക്ടർ കാര്യാലയത്തിലും ഒരു കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
