Categories
news

കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദേശികളെല്ലാം രോഗമുക്തരായി; കേരളത്തോടും ആരോഗ്യ പ്രവർത്തകരോടും നന്ദി പറഞ്ഞ് ബ്രിട്ടിഷ് പൗരന്മാർ

പരിചിതമല്ലാത്ത നാട്ടിൽ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് ലഭിച്ചതെന്നു ബ്രിട്ടിഷ് സംഘത്തിലെ ജെയ്ൻ ജാക്സൺ പറഞ്ഞു. ഇവർ ഇനി ബോൾഗാട്ടിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയും.

കേരളത്തോടും ആരോഗ്യ പ്രവർത്തകരോടും നന്ദി പറഞ്ഞ് ബ്രിട്ടിഷ് പൗരന്മാർ. കോവിഡ് മുക്തരായ സ്റ്റീവൻ ഹാൻകോക്ക് (61), ഭാര്യ ആൻ വില്യം (61), ജാനറ്റ് ലൈ (83), ജെയിൻ എലിസബത്ത് ജാക്സൺ (63) എന്നിവരാണ് ഇന്നലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി വിട്ടത്. ലോക്ക്ഡൗൺ നീങ്ങി എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എറണാകുളത്ത് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സംഘം.

83-കാരനും 66-കാരിയുമുൾപ്പടെ മൂന്നാറിൽ സന്ദർശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതിൽ ആറ് പേർ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ഇതോടെ കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദേശികളെല്ലാം രോഗമുക്തരായി. ഇറ്റലിയിൽനിന്നുള്ള റോബർട്ടോ ടൊണോസോ (57), ബ്രിട്ടിഷുകാരായ ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയൻ നെയിൽ (57) എന്നിവർ മുൻപു തന്നെ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള ആശുപത്രികളിൽ സുഖം പ്രാപിച്ചിരുന്നു.

പരിചിതമല്ലാത്ത നാട്ടിൽ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് ലഭിച്ചതെന്നു ബ്രിട്ടിഷ് സംഘത്തിലെ ജെയ്ൻ ജാക്സൺ പറഞ്ഞു. ഇവർ ഇനി ബോൾഗാട്ടിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയും. പിന്നീടാവും സ്വദേശത്തേക്കു മടക്കം. കേരളത്തിന് അഭിമാനകരമായ പ്രവർത്തനം നടത്തിയ തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരെ മന്ത്രി കെ. കെ. ശൈലജ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തുമ്പോഴാണ് ഇവിടെ മികച്ച ചികിത്സയിലൂടെ എല്ലാ വിദേശികളുടെയും ജീവൻ രക്ഷിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest