
തിരുവനന്തപുരം: വധശ്രമ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ സുഗതൻ്റെ ജാമ്യപേക്ഷ കോടതി തള്ളി. വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം തള്ളിയത്. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തുെവെച്ച് സംഘർഷാവസ്ത സൃഷ്ടിച്ചതിനാൽ വെടിയുതിർത്താണ് പോലീസ് കൗൺസിലറെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലരാണ് സുഗതൻ. വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുഗതൻ. ഈ കേസിൽ ഹൈക്കോടതി സുഗതന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടർന്ന് ഇയാൾ വട്ടിയൂർക്കാവ് എസ്എച്ച്ഒയ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു. എന്നാൽ, സുഗതൻ ഹാജരായില്ല. തുടർന്ന് വട്ടിയൂർക്കാവിലുള്ള വീട്ടിൽ നിന്നും സുഗതനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വട്ടിയൂർക്കാവ് പോലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2ന് അന്ന് എം.എൽ.എ ആയിരുന്ന വി.കെ പ്രശാന്തിൻ്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബി.ജെ.പി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത് എന്നതും ബിജെപിക്ക് ഇപ്പോൾ തലവേദനയായി.
