Categories
education Kerala news

ക്ലാസ് മുറിയില്‍ കയറണമെങ്കില്‍ തലയിലെ തട്ടം മാറ്റണം; കോളേജില്‍ നിന്നും ടി.സി വാങ്ങി മുസ്ലീം പെണ്‍കുട്ടികള്‍

ഹിജാബ് അനുവദിക്കുന്ന കോളജില്‍ പഠിക്കാനായി നിരവധി മുസ്ലീം വിദ്യാര്‍ഥിനികളാണ് ടി.സി വാങ്ങുന്നത്.

Trending News

കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം.. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്; കൂടെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും; സംഭവം ഇങ്ങനെ.. കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

ബംഗളൂരു: ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കോളേജില്‍ നിന്നും ടി.സി വാങ്ങി മുസ്ലീം പെണ്‍കുട്ടികള്‍. മംഗളൂരു ഹമ്പനകട്ട യൂണിവേഴ്‌സിറ്റി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികളാണ് കോളേജില്‍ നിന്ന് ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്.
ഇവര്‍ നേരത്തേ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോളേജ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇത് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ കോളേജിലെ പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

വിദ്യാര്‍ഥിനികള്‍ ടി.സിക്ക് അപേക്ഷിച്ച കാര്യം പ്രിന്‍സിപ്പല്‍ അനുസുയ റായ് സ്ഥിരീകരിച്ചു. എന്നാല്‍, ചില തിരുത്തലുകള്‍ വരുത്തിയുള്ള മറ്റൈാരു കത്ത് കൂടി നല്‍കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടുന്ന മുറക്ക് കോളേജ് മാനേജ്മെന്റ് ടി.സി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

പരീക്ഷ മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അണ്ടര്‍ ഗ്രാജ്വേറ്റ് ക്ലാസുകളുടെ അധ്യയനം തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ഒരുക്കിയിട്ടുണ്ട്. മുസ്ലീം വിദ്യാര്‍ഥിനികളില്‍ ചിലരൊഴിച്ച്‌ 44 വിദ്യാര്‍ഥിനികളും ചട്ടങ്ങള്‍ പാലിച്ച്‌ ക്ലാസുകളില്‍ ഹാജരാകുന്നുണ്ട്. രണ്ടാംവര്‍ഷ പി.യു.സി ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യു.ജി കോഴ്‌സുകള്‍ അടുത്താഴ്‌ച മുതല്‍ തുടങ്ങും. ശിരോവസ്ത്രം അഴിക്കാത്ത മുസ്ലീം വിദ്യാര്‍ഥിനികള്‍ക്ക് മറ്റ് കോളജുകളില്‍ പഠിക്കാന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് മംഗളൂരു യൂണിവേഴ്‌സിറ്റി വൈസ്. ചാന്‍സലര്‍ പി.എസ്. യാദപാദിത്യ പറഞ്ഞിരുന്നു.

മംഗളൂരു യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് അനുവദിക്കുന്നതിനെതിരെ കഴിഞ്ഞ മേയ് 26ന് മറ്റു ചില വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്ര വിലക്കിനെതിരെ പ്രതിഷേധം തുടരുകയാണ്. ഹലിയഗഡി ഫസ്റ്റ് ഗ്രേഡ് കോളേജിലെ 19 വിദ്യാര്‍ഥിനികള്‍ ക്ലാസ് ബഹിഷ്കരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുമാസമായി ഇവര്‍ ക്ലാസില്‍ കയറുന്നില്ല. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ 19 പേരാണ് ക്ലാസില്‍ ഹാജരാകാത്തത്. ശിരോവസ്ത്രം അഴിക്കാന്‍ അവര്‍ തയാറല്ലെന്നും രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നുവെന്നും കോളേജ് പ്രിന്‍സിപ്പല്‍ കെ.ശ്രീധര്‍ പറയുന്നു.

ദക്ഷിണ കന്നട ജില്ലയിലെ പുത്തൂര്‍ താലൂക്കിലെ ഉപ്പിനഗഡി ഡിഗ്രി കോളേജില്‍ ക്ലാസ് മുറികളില്‍ കയറുമ്പോള്‍ ഹിജാബ് മാറ്റാന്‍ വിസമ്മതിച്ച 24 വിദ്യാര്‍ഥികളെ കഴിഞ്ഞയാഴ്‌ച സസ്‍പെന്‍ഡ് ചെയ്തിരുന്നു. നേരത്തേ ഉപ്പിനഗഡി ഫസ്റ്റ് ഗ്രേഡ് കോളജില്‍ യൂണിഫോമിലെ ഷാള്‍ കൊണ്ട് തലമറച്ചതിന് ആറു മുസ്ലീം വിദ്യാര്‍ഥിനികളെ സസ്‍പെന്‍ഡ് ചെയ്തിരുന്നു.

ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ ഉഡുപ്പി ഗവ. പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് വിലക്കിയതാണ് സംസ്ഥാനത്ത് ഹിജാബ് വിവാദത്തിൻ്റെ തുടക്കം. ഇതിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധമുണ്ടായി. വിദ്യാര്‍ഥിനികളടക്കം കര്‍ണാടക ഹൈക്കോടതിയില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കി. എന്നാല്‍ ഹിജാബ് ധരിക്കല്‍ ഇസ്‍ലാമിക വിശ്വാസ പ്രകാരം നിര്‍ബന്ധമല്ലെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല വിധി. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 16ന് എല്ലാ സ്കൂളിലും ഹിജാബ് നിരോധിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞയാഴ്‌ച മാംഗ്ലൂര്‍ സര്‍വകലാശാല കോളേജില്‍ ഹൈക്കോടതി ഹിജാബ് വിലക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികളും ഹിജാബ് ധരിച്ച്‌ ക്ലാസില്‍ പ്രവേശിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗം വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു. ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് പ്രീ യൂണിവേഴ്‌സിറ്റി കോളേജുകള്‍ക്കൊപ്പം ഡിഗ്രി കോളേജുകള്‍ക്കും ബാധകമാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് മാംഗ്ലൂര്‍ സര്‍വകലാശാല കോളേജില്‍ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

നേരത്തേ ഇവിടെ ഡിഗ്രി കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന്‍റെ അതേ നിറത്തിലുള്ള തട്ടം ധരിക്കുന്നത് അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് ക്ലാസ് മുറിയില്‍ തട്ടവും ഹിജാബും ഉള്‍പ്പെടെ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഹിജാബ് അനുവദിക്കുന്ന കോളജില്‍ പഠിക്കാനായി നിരവധി മുസ്ലീം വിദ്യാര്‍ഥിനികളാണ് നിലവില്‍ പഠിക്കുന്നിടങ്ങളില്‍ നിന്ന് ടി.സി വാങ്ങുന്നത്. ഹിജാബ് ധരിക്കണമെന്നുണ്ടെങ്കില്‍ അത്തരം കോളേജുകളില്‍ ചേരാന്‍ ടി.സി നല്‍കാമെന്ന് കോളജ് മാനേജ്മെന്റും കുട്ടികളോട് പറയുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest