
കാസർകോട്: കേരള രാഷ്ട്രീയത്തിലെ മാന്യ തയുടെയും സൗമ്യമായ പെരുമാറ്റത്തിൻ്റെയും പര്യായമായിരുന്നു ചെർക്കളം അബ്ദുല്ലയെന്ന് ആഭ്യന്തര വകുപ്പ് വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആദരവും സ്നേഹവും നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടി പ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ചെർക്കളം അബ്ദുല്ല നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ഭരണ പരമായ തീരുമാനങ്ങളും ചരിത്ര പരമായിരുന്നു.
കുടുംബശ്രീ ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും വളർച്ചയിലും അദ്ദേഹം നൽകിയ നേതൃത്വം സംസ്ഥാനത്തിന് വലിയ സംഭാവനയായിരുന്നു.
കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിനായി ജീവിതം സമർപ്പിച്ച ജനനേതാവായിരുന്നു ചെർക്കളം അബ്ദുല്ല. മഞ്ചേശ്വരം മണ്ഡലത്തിൻ്റെ ജനകീയ പ്രശ്നങ്ങൾ നിയമ സഭയിൽ ശക്തമായി അവതരിപ്പിച്ച അദ്ദേഹം കാസർകോടിൻ്റെ യാത്രാ പ്രശ്നങ്ങൾക്കും വികസന മുരടിപ്പുകൾക്കുമെതിരെ നിരന്തരം ഇടപെട്ടിരുന്നു.
അദ്ദേഹത്തിന് എപ്പോഴും ഒരു രാഷ്ട്രീയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിൽ ഒരിക്കലും വെള്ളം ചേർക്കാതെ യു.ഡി.എഫിനെ ഐക്യത്തോടെ നയിച്ച നേതാവായിരുന്നു ചെർക്കളം അബ്ദുള്ള. ജില്ലയിൽ നിന്നുള്ള മുസ്ലിം ലീഗിൻ്റെ ശബ്ദമായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് വളരെ നഷ്ടബോധത്തോടെ നമ്മൾ അദ്ദേഹത്തെ ഓർത്തു കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ചെർക്കളം അബ്ദുല്ലയെപ്പോലുള്ള മൂല്യാധിഷ്ഠിത നേതാവിൻ്റെ അഭാവം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്നും, അദ്ദേഹത്തിൻറെ ജീവിതവും പൊതുപ്രവർത്തനവും വരും തലമുറയിലെ പൊതു പ്രവർത്തകർക്ക് എന്നും മാതൃകയായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംങ്കൈ പ്രാർത്ഥന നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ.എ നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, സി.ടി അഹമ്മദലി, എ.കെ.എം അഷറഫ് എം.എൽ എ, ബഷീർ വെള്ളിക്കോത്ത്, പി.എം മുനീർ ഹാജി, പി.കെ. ഫൈസൽ, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, ടി.എ മൂസ, അബ്ദുൽ റഹ്‌മാൻ വൺഫോർ, എ.ജി.സി ബഷീർ, എം അബ്ബാസ്, നാസർ ചെർക്കളം, കബീർ ചെർക്കളം, ജാസ്മീൻ ചെർക്കളം തുടങ്ങിയവരും മറ്റു നേതാക്കളും ജനപ്രതിനിധികളും അടക്കം നിരവധി പേർ സംബന്ധിച്ചു.
