മതിൽ പുനർനിർമ്മിച്ചില്ല, മഴ പെയ്താൽ സ്കൂൾ മുറ്റം ചെളിക്കുളം; ദേശീയപാതാ നിർമ്മാണ കമ്പനിക്കെതിരെ സമരത്തിനൊരുങ്ങി ചെർക്കള സ്കൂൾ വിദ്യാർത്ഥികളും അധ്യപകരും

  • Post category:local news / news
  • Reading time:2 mins read
You are currently viewing മതിൽ പുനർനിർമ്മിച്ചില്ല, മഴ പെയ്താൽ സ്കൂൾ മുറ്റം ചെളിക്കുളം; ദേശീയപാതാ നിർമ്മാണ കമ്പനിക്കെതിരെ സമരത്തിനൊരുങ്ങി ചെർക്കള സ്കൂൾ വിദ്യാർത്ഥികളും അധ്യപകരും

ചെർക്കള(കാസർഗോഡ്): റിപ്പോർട്ട്: ഷാഫി തെരുവത്ത്: ദേശീയപാതാ നിർമ്മാണത്തിനായി പൊളിച്ചുമാറ്റിയ കോമ്പൗണ്ട് മതിൽ വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാത്തതിനെ തുടർന്ന് ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ കടുത്ത ദുരിതത്തിൽ. നിർമ്മാണ കമ്പനിയുടെ അനാസ്ഥ കാരണം മഴക്കാലത്ത് സ്കൂൾ മുറ്റം പൂർണ്ണമായും വെള്ളക്കെട്ടായി മാറുകയാണ്. പ്രശ്നപരിഹാരത്തിനായി നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണന തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളെ അണിനിരത്തി ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് പി.ടി.എ മുന്നറിയിപ്പ് നൽകി.

ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നുള്ള ചെളിവെള്ളം തെറിച്ചുവീഴുന്നത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മതിൽ തകർന്നപ്പോൾ അത് പുനർനിർമ്മിച്ച് നൽകാമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടും ഇപ്പോൾ അവർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. സുരക്ഷാ മതിൽ ഇല്ലാത്തതിനാൽ ദേശീയപാതയോട് ചേർന്നുള്ള പ്രീ-പ്രൈമറി സെക്ഷനിലെ ഉൾപ്പെടെയുള്ള പിഞ്ചുകുട്ടികൾ വെള്ളക്കെട്ട് താണ്ടിവേണം ക്ലാസ് മുറികളിലെത്താൻ. ഇതിനുപുറമെ, സുരക്ഷാ മതിൽ ഇല്ലാത്തത് കാരണം രാത്രികാലങ്ങളിൽ സ്കൂൾ പരിസരത്ത് സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണ്. ഇവർ സ്കൂളിലെ ശുചിമുറികൾ ഉപയോഗിച്ച് വൃത്തികേടാക്കുന്നതായും പരാതിയുണ്ട്. സ്കൂളിനോട് ചേർന്നുള്ള ഫുട്പാത്ത് നിർമ്മാണവും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയങ്ങളിലൊന്നായ ഇവിടെ 3600-ഓളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. സ്കൂളിന് പുറമെ മാർത്തോമ ബധിര വിദ്യാലയം, ചെങ്കള പ്രൈമറി ഹെൽത്ത് സെന്റർ, ഗ്രാമപഞ്ചായത്ത് കാര്യാലയം, വില്ലേജ് ഓഫീസ് തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്ന ചെർക്കള ടൗണിന്റെ ഹൃദയഭാഗത്താണ് ദേശീയപാതാ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നത്. ഇതിനെതിരെ നാട്ടുകാർ നിരന്തരം സമരം നടത്തിയിട്ടും നിർമ്മാണ കമ്പനി തിരിഞ്ഞുനോക്കുന്നില്ല.

വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ നടപ്പാത ഒരുക്കുക, സ്കൂൾ കോമ്പൗണ്ട് മതിൽ നിർമ്മിച്ച് നൽകുക, സർവീസ് റോഡ് ഗതാഗതയോഗ്യമാക്കുക, സ്കൂളിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന മണ്ണും അവശിഷ്ടങ്ങളും ഉടൻ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പി.ടി.എ പ്രധാനമായും ഉന്നയിക്കുന്നത്. ഈ വിഷയങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്ന് പി.ടി.എ പ്രസിഡന്റ് മുനീർ പി. ചെർക്കളം, കമ്മിറ്റി അംഗങ്ങളായ കബീർ ചെർക്കളം, അബ്ബാസ് ബംബ്രാണി, എം.പി. സിദ്ദീഖ്, ഇബ്രാഹിം ബേർക്ക, സുബൈർ സിലോൺ, മദർ പി.ടി.എ പ്രസിഡന്റ് സമീറ അബ്ബാസ്, ഉമ്മാലി ഷാഫി, ഷാക്കീറ അഷറഫ്, ഹസീനാ റഷീദ് തുടങ്ങിയവർ വ്യക്തമാക്കി.

0Shares