
തിരുവനന്തപുരം: കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപവും കഞ്ചാവ് കൃഷി നടത്തിയ ഐ.ടി മാനേജർ തിരുവനന്തപുരത്ത് പിടിയിലായി. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഐടി മാനേജരും ഹരിയാന സ്വദേശിയുമായ വിശാലാണ് പിടിയിലായത്. താമസിക്കുന്ന ഫ്ലാറ്റിൽ ചെടി ചട്ടിയിലാണ് കഞ്ചാവ് കൃഷി നടത്തിയത്. പോലീസ് പരിശോധനയിൽ തന്റെ കിടപ്പുമുറിയിലെ ജനാലക്ക് സമീപവും കഞ്ചാവ് വളർത്തിയതായി കണ്ടെത്തി. ചട്നി അരയ്ക്കാനും പാലിൽ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴിയിലുള്ളത്. രാസ വളങ്ങളൊന്നും നൽകാറില്ലെന്നും ജൈവ വളം മാത്രമാണ് കഞ്ചാവ് ചെടികൾക്ക് നൽകുന്നതെന്നു വിശാൽ പോലീസിനോട് വിശദമാക്കി എന്നാണ് വിവരം. ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിലായിരുന്നു കഞ്ചാവ് ചെടികൾ വളർത്തിയത്. ടെക്നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിൽ ജോലി ചെയ്യുന്ന ആളാണ് കഞ്ചാവ് കേസിൽ അകത്താകുന്നത്.
