സി.പി.എം പിന്തുണ യു.ഡി.എഫിന്; പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി; കോൺഗ്രസ് അംഗം വി.പി മനോജ്‌ കുമാര്‍ പഞ്ചായത്ത് പ്രസിഡന്റാകും

  • Post category:local news / news
  • Reading time:1 min read
You are currently viewing സി.പി.എം പിന്തുണ യു.ഡി.എഫിന്; പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി; കോൺഗ്രസ് അംഗം വി.പി മനോജ്‌ കുമാര്‍ പഞ്ചായത്ത് പ്രസിഡന്റാകും

പത്തനംതിട്ട: പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് തിരിച്ചടി. ഭരണം ഇടത് അംഗത്തിൻ്റെ പിന്തുണയോടെ യു.ഡി.എഫിന് ലഭിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സി.പി.എം ഒരു അംഗം പിന്തുണച്ചു. കോൺഗ്രസും ബി.ജെ.പിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സി.പി.എമ്മിന് രണ്ട് അംഗമാണുള്ളത്. സി.പി.എം പിന്തുണയിൽ അവിശ്വാസം നേരത്തെ പാസായിരുന്നു. ഇന്ന് നടന്ന പ്രസിഡന്റ് വോട്ടെടുപ്പിലാണ് ഒരു സി.പി.എം അംഗം പിന്തുണച്ചത്. ഇത് യു.ഡി.എഫിന് നേട്ടമായി. കോൺഗ്രസ് അംഗം വി.പി മനോജ്‌ കുമാര്‍ പഞ്ചായത്ത് പ്രസിഡന്റാകും.

നാരങ്ങാനം പഞ്ചായത്തിൽ കോൺ​ഗ്രസിനും ബി.ജെ.പിക്കും ആറ് അം​ഗങ്ങൾ വീതമാണുള്ളത്. സി.പി.എമ്മിന് രണ്ട് അം​ഗങ്ങളും. നറുക്കെടുപ്പിലൂടെയാണ് നേരത്തെ ബി.ജെ.പിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺ​ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ബി.ജെ.പിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ സി.പി.എം പിന്തുണച്ചു. ഇതോടെ ബി.ജെ.പിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പിന്നാലെ കോൺ​ഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവന്നു. സി.പി.എം, കോൺ​ഗ്രസ് അം​ഗങ്ങൾ വിട്ടുനിന്നതോടെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുകയാണുണ്ടായത്. ബി.ജെ.പിയെ നേരിടാൻ ഇന്ത്യ മുന്നണിപോലെ ഒന്നിച്ച് നാരങ്ങാനം പഞ്ചായത്തിൽ ഭരണം നടത്തുമെന്നാണ് യു.ഡി.എഫ് പറയുന്നത്.

0Shares