
കാസർഗോഡ്: ബേക്കൽ ബീച്ച് ഫെസ്റ്റിൻ്റെ മറവിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായുള്ള ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് നേതാക്കൾ. കാസർകോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് നേതാക്കൾ ആരോപണം ഉയർത്തിയത്. കഴിഞ്ഞ ഇടത് സർക്കാർ കാലത്ത് 2022 ൽ ആരംഭിച്ച ബേക്കൽ ബീച്ച് ഫെസ്റ്റ് കേരളത്തിലെ തന്നെ വലിയ ഫെസ്റ്റിവലായി മാറിയിരുന്നു. തുടർന്ന് ഓരോവർഷവും ഡിസംബർ മാസത്തിൽ ക്രിസ്മസ് – ന്യൂ ഇയറിനോട് അനുബന്ധിച്ച് നടത്തുന്ന ബേക്കൽ ബീച്ച് ഫെസ്റ്റ് ഉദുമ എം.എൽ.എ ചെയർമാനായുള്ള കമ്മറ്റിയാണ് നടത്തിവരുന്നത്. എന്നാൽ ഇടത് സർക്കാർ കാലത്ത് ഉദുമ എം.എൽ.എ ആയിരുന്ന സി.എച്ച് കുഞ്ഞമ്പു ഫെസ്റ്റിൽ സുതാര്യത ഉറപ്പ് വരുത്തിയില്ല എന്നതാണ് അഴിമതിക്ക് കാരണം. സി.എച്ച് കുഞ്ഞമ്പു, BRDC MD ഷിജിൻ പറമ്പത്ത് എന്നിവർ ചേർന്ന് നടത്തിയ കോടികളുടെ അഴിമതിയാണ് മറനീക്കി പുറത്ത് വരുന്നത്. സംഘാടക സമിതിക്ക് സമാന്തരമായി മറ്റൊരു സൊസൈറ്റി രുപീകരിച്ച് കണക്കിൽ കാണിക്കാതെ പണം വകമാറ്റി എന്നും കോടികളുടെ അഴിമതി നടത്തി എന്നും യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു. ടിക്കറ്റ് വില്പനയിലൂടെയും വ്യാപകമായി അഴിമതി നടത്തി. സ്പോൺസർ ഷിപ്പിലൂടെ ലഭിച്ച ലക്ഷങ്ങളുടെ വരുമാനവും കണക്കിൽ കാണിച്ചില്ലട്ടില്ല എന്നും നേതാക്കൾ രേഖകൾ സഹീതം ചൂണ്ടിക്കാട്ടി.
ഫെസ്റ്റിലെ പണം കൈക്കലാക്കാനായി സൊസൈറ്റിയുടെ മറവിൽ സമാന്തര ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി എന്നാണ് പ്രധാന ആരോപണം. GST ക്ക് സമർപ്പിക്കാനായി വ്യാജ റെന്റൽ എഗ്രിമെൻറ്റ് ഉണ്ടാക്കി. ഇത് പിന്നീട് GST ഉദ്യോഗസ്ഥർ തന്നെ അനേഷണത്തിൽ കണ്ടെത്തി റദ്ദ് ചെയ്തു. ജില്ലാ ഭരണ കൂടത്തെയും ജില്ലയിലെ നേതാക്കളെയും കരുവാക്കി സമർത്ഥമായ സാമ്പത്തിക തട്ടിപ്പാണ് നടത്തിയത്. 2022 ൽ ആദ്യ ബേക്കൽ ബീച്ച് ഫെസ്റ്റിലെ അഴിമതി ആരോപണം ടുറിസം വകുപ്പിലെ ആഭ്യന്തിര അന്വേഷണത്തിൽ വലിയ അഴിമതിയാണ് നടന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് 2025 മാർച്ച് 2 ന് ടൂറിസം വകുപ്പ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും കുറ്റക്കാർക്കെതിരെ യാഥരു നടപടിയും ഉണ്ടായില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാനാണ് ഇടത് സർക്കാർ സ്വീകരിച്ചത്. കോടികളുടെ അഴിമതിയാണ് ബേക്കൽ ബീച്ച് ഫെസ്റ്റിൻ്റെ മറവിൽ നടന്നത്. GST വകുപ്പ്, BRDC, ടൂറിസം വകുപ്പ് എന്നിവരുടെ രേഖകളിൽ നിന്നുമാണ് ഈ വിവരം ലഭ്യമായത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച തെളിവുകളാണ് പുറത്ത് വിടുന്നത് എന്നും അഴിമതിയിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ജില്ലാ നേതാവ് അഡ്വ. ടി.കെ ഹസീബ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ ട്രഷറർ അഡ്വ. ടി കെ ഹസീബിന് പുറമെ, ഉദുമ മണ്ഡലം കമ്മിറ്റി സെക്രട്ടറി തൻസീർ കണിയമ്പാടി, ഉദുമ മണ്ഡലം സെക്രട്ടറി ജൗഹർ ഉദുമ എന്നിവരും പങ്കെടുത്തു.
