സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന പച്ചമലയാളം അടിസ്ഥാന കോഴ്‌സിൻ്റെ പൊതുപരീക്ഷ എഴുതാൻ 120 പേർ; ജില്ലയിൽ നാല് സ്കൂളുകൾ പരീക്ഷാ കേന്ദ്രം; പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു

  • Post category:local news / news
  • Reading time:1 min read
You are currently viewing സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന പച്ചമലയാളം അടിസ്ഥാന കോഴ്‌സിൻ്റെ പൊതുപരീക്ഷ എഴുതാൻ 120 പേർ; ജില്ലയിൽ നാല് സ്കൂളുകൾ പരീക്ഷാ കേന്ദ്രം; പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു

കാസർഗോഡ്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന കോഴ്‌സിൻ്റെ പൊതുപരീക്ഷ എഴുതാൻ 120 പേർ. ജില്ലയിൽ നാല് സ്‌കൂളുകളാണ് പരീക്ഷാകേന്ദ്രമായി തീരുമാനിച്ചിട്ടുളളത്. മലയാളം മീഡിയത്തിൽ പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവർക്കുമായി നടത്തുന്ന കോഴ്സാണിത്. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സാണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്‌സ്, രണ്ടാം ഭാഗം അഡ്വാന്‍സ്ഡ് കോഴ്‌സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.

അടിസ്ഥാന കോഴ്സിൻ്റെ പരീക്ഷയാണ് 16 ന് ( ഞായറാഴ്ച ) നടക്കുന്നത്. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് കാസറഗോഡ് ബി.ഇ.എം.എച്ച്.എസ്.എസിലാണ്. 34 പേർ. കുറവ് കലിയൂർ സെൻ്റ് ജോസഫ് യു.പി സ്‌കൂളിലാണ്. 24 പേർ. എസ് എ ടി എച്ച് എസ് മഞ്ചേശ്വരം, ജി വി എച്ച് എസ് എസ് മുള്ളേരിയ എന്നിവയും പരീക്ഷാ കേന്ദ്രങ്ങളാണ്. രാവിലെ 10 മുതൽ 12 വരെ എഴുത്തുപരീക്ഷയും ഉച്ചയ്ക്ക് ശേഷം വൈവയും നടക്കും. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ നേടേണ്ട മലയാള ഭാഷാ പഠനശേഷികള്‍ സ്വായത്തമാക്കാന്‍ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷൻ്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഒരു തുല്യതാകോഴ്‌സാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്താം ക്ലാസ് മലയാളപഠനം നിര്‍ബന്ധമായതിനാലാണ് ഈ കോഴ്‌സിൻ്റെ പരിഷ്‌കരണം നടത്തിയത്. 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്സിൻ്റെ ക്ലാസുകള്‍. അടിസ്ഥാനകോഴ്സില്‍ വിജയിക്കുന്നവര്‍ക്ക് അഡ്വാന്‍സ്ഡ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. അടിസ്ഥാന കോഴസിൻ്റെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ഇപ്പോൾ നടക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയുമാണ്. വിവിധ ഗ്രാമപഞ്ചായത്ത്/ നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രേരക്മാർ വഴി രജിസ്ട്രേഷൻ നടപടികൾ ചെയ്യാനാകുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

0Shares