
തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂൾ കെട്ടിടത്തിൻ്റെ മേല്‍ക്കൂര തകർന്നു വീണ് വൻ അപകടം. വൈകിട്ട് അഞ്ചരയോടെ നടന്ന അപകടം വലിയ ദുരന്തമാണ് ഒഴിവാക്കിയത്. സംഭവത്തിൽ ആളപായമില്ല. സ്കൂൾ സമയം കഴിഞ്ഞ് എല്ലാവരും പുറത്തുപോയത് രക്ഷയായി. ഓടിട്ട മേല്‍ക്കൂര ഉണ്ടായിരുന്ന കെട്ടിടമാണ് പൂർണമായും തകർന്നത്. സർവ്വശിക്ഷ അഭിയാൻ ഓഫീസ് ആയാണ് കെട്ടിടം പ്രവർത്തിക്കുന്നത്. 30 ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസ് ആണ് ഇത്. സ്കൂൾ പരിസരത്ത് തന്നെയാണ് ഇതും പ്രവർത്തിക്കുന്നത്. കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നു എന്ന വിവരവും പുറത്ത് വരികയാണ്. അതേസമയം വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. ഫിറ്റ്നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.
കോർപ്പറേഷൻ ഫിറ്റ്നസ് കൊടുത്ത കെട്ടിടങ്ങളിൽ ഉൾപ്പെടുന്ന കെട്ടിടമല്ല തകർന്നതെന്ന് മേയർ വി.വി രാജേഷ് പ്രതികരിച്ചു. സ്കൂൾ കെട്ടിടമല്ല ഇടിഞ്ഞതെന്നും വി.വി രാജേഷ് പറഞ്ഞു. ഉത്തരവാദിത്തം നഗരസഭയ്ക്ക് അല്ലെന്നും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ പറഞ്ഞു.
കെട്ടിടം തകർന്നതിൽ അഴിമതി കഥയാണ് പുറത്ത് വരുന്നത്. പിണറായി ഭരണകാലത്ത് കോടികൾ ചെലവഴിച്ച് രണ്ട തവണ നവീകരിച്ച കെട്ടിടമാണിതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
