Categories
news

സൗദികളുമായുള്ള വിവാഹം: വിദേശികള്‍ക്ക് കര്‍ശന നിബന്ധനകള്‍.

റിയാദ്: വിദേശികളെ വിവാഹം ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി സൗദി ആരോഗ്യമന്ത്രാലയം. സൗദികളെ വിവാഹം ചെയ്യാനാഗ്രഹിക്കുന്ന വിദേശികള്‍ നിര്‍ബന്ധമായും വൈദ്യ പരിശോധനയ്ക്ക് വിധേയരായിരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. സൗദി വനിതകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്‍മാര്‍ക്കും സൗദി പുരുഷന്മാര്‍ വിവാഹം ചെയ്യുന്ന വിദേശ വനിതകള്‍ക്കും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണെന്നാണ് തീരുമാനം. രാജ്യത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

വിദേശികളുമായുള്ള വിവാഹ ബന്ധത്തെ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു നിയമം കൊണ്ടുവന്നത്. സൗദികളെ വിവാഹം ചെയ്യുന്നവര്‍ ലഹരിക്ക് അടിമകളായിരിക്കരുത് എന്നതാണ് വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു നിബന്ധന. നിലവിലുള്ള നിയമമനുസരിച്ച് മുപ്പതിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സൗദി വനിതകള്‍ക്ക് മാത്രമേ വിദേശികളെ വിവാഹം ചെയ്യാന്‍ അനുമതിയുള്ളൂ.

വിദേശികളെ വിവാഹം ചെയ്യുന്ന സൗദി പുരുഷന്മാരുടെ പ്രായം നാല്‍പ്പതിനും അറുപതിയഞ്ചിനും ഇടയില്‍ ആയിരിക്കുകയും വിവാഹിതരാകുന്ന സൗദി വനിതയുടെയും വിദേശ പുരുഷന്റെയും പ്രായവ്യത്യാസം പത്തു വയസില്‍ കൂടാനും പാടില്ല. ചുരുങ്ങിയത് മുവ്വായിരം റിയാല്‍ വരുമാനവും സ്വന്തമായി ഫ്ലാറ്റും ഉള്ള സൗദി പുരുഷന്മാര്‍ക്ക് മാത്രമേ വിവാഹം ചെയ്യാന്‍ അനുമതി നല്‍കുകയുള്ളൂ എന്നും നിലവിലുള്ള നിയമത്തില്‍ പറയുന്നു.

0Shares