
ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കെ.എസ്.ആര്‍.ടി.സി നിർത്തലാക്കി. രണ്ട് ജില്ലയില്‍ കൂടുതല്‍ ദൂരത്തേക്കു ഫാസ്‌റ്റ് പാസഞ്ചര്‍ ഓടിക്കേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍സ് എക്‌സ്‌ക്യൂട്ടീവ് ഡയറക്‌ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലേക്കുള്ള ബസുകളാകും ഇനിമുതൽ ദീർഘദൂര സർവീസുകൾ നടത്തുക.

സൂപ്പര്‍ ഫാസ്‌റ്റ് ബസുകളുടെ ഷെഡ്യൂള്‍ ദേശീയ പാത വഴിയും എം.സി. റോഡ് വഴിയും കൃത്യമായ 15 മിനിറ്റ് ഇടവേളയില്‍ തൃശൂര്‍ ഭാഗത്തേക്കും തിരികെയും ലഭ്യമാകത്തക്ക വിധത്തില്‍ ക്രമീകരിക്കുന്നെന്ന പേരിലാണ് പരിഷ്‌കാരം. ഇതിന്‍റെ ഭാഗമായി ഫാസ്‌റ്റ് പാസഞ്ചറുകളെ 10 മിനിറ്റ് ഇടവേളകളില്‍ തൊട്ടടുത്ത ജില്ലകളിലെ പ്രധാന സ്‌റ്റേഷനുകളിലേക്കു ചെയിന്‍ സര്‍വീസായിമാത്രം അടുത്ത ദിവസം മുതല്‍ ഓടിക്കും.
തിരുവനന്തപുരത്തുനിന്നും കൊല്ലം വരെയും കൊല്ലത്തുനിന്നും ആലപ്പുഴയില്‍നിന്നും എറണാകുളം വരെയും എറണാകുളത്തുനിന്നു തൃശൂര്‍ വരെയും എം.സി. റോഡില്‍ തിരുവനന്തപുരത്തുനിന്നു കൊട്ടാരക്കര വരെയും കൊട്ടാരക്കരയില്‍നിന്നു കോട്ടയം വരെയും കോട്ടയത്തുനിന്ന് അങ്കമാലി വരെയും മാത്രമാകും ഫാസ്‌റ്റ് പാസഞ്ചര്‍ ഇനി സര്‍വീസ് നടത്തുക.
