Categories
മനുഷ്യര്‍ മൃഗങ്ങളാകുമ്പോള്‍…
Trending News

Also Read
എഡിറ്റോറിയല്‍:
ദൈവത്തിന്റെ സൃഷ്ടിയില്‍ വിശേഷബുദ്ധികൊണ്ട് അനുഗൃഹീതരായ ഒരേയോരു വിഭാഗമാണ് മനുഷ്യകുലം. മൃഗങ്ങളേക്കാള്‍ ബുദ്ധിശക്തിയും സദ് വികാരങ്ങളും തങ്ങള്‍ക്ക് വേണ്ടുവോളം ഉണ്ടെന്നാണ് നമ്മുടെ ഊറ്റം കൊള്ളല്‍. ഹിംസയുടെ പ്രതീകങ്ങളും മൂര്‍ത്തരൂപങ്ങളും ആയാണ് നാം എക്കാലവും മൃഗങ്ങളെ കണക്കാക്കുന്നത്. മനുഷ്യര്‍ അവരുടെ നിന്ദ്യവും നീചവുമായ ചില ചെയ്തികളെ ‘മൃഗീയം’ എന്ന വിശേഷണത്തോടെയാണ് ഘോഷിക്കാറ് പതിവ്. എന്നാല്‍ ആസുരമായ, നന്മകള്‍ മാഞ്ഞുപോയ ഈ കാലഘട്ടം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യര്‍ മൃഗസമാനര്‍ മാത്രമല്ല, അതിലും എത്രോയോ താഴെയാണ് എന്നത്രേ.! ഒരോ ദിവസവും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന എത്രയെത്ര സംഭവങ്ങളാണ് ഇതിന്റെ ദൃഷ്ടാന്തമായിട്ടുള്ളത്? സാക്ഷരതയിലും പുരോഗമന ചിന്തകളിലും ഉയര്‍ന്ന രാഷ്ട്രീയ അവബോധത്തിലും വിദ്യാഭ്യാസ നിലവാരത്തിലും മറ്റും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ജനവിഭാഗത്തേക്കാള്‍ കേമന്‍മാരെന്ന് വീമ്പ് പറയുന്ന കേരളീയ സമൂഹം വാസ്തവത്തില്‍ ഇന്ന് എവിടെയെത്തി നില്‍ക്കുന്നുവെന്ന് ആത്മ പരിശോധന നടത്തേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു.

‘ഹര്‍ത്താല്‍ ആഘോഷങ്ങള്‍’ കേരളീയരുടെ സംസ്‌കാരരാഹിത്യത്തിന്റെ മകുടോദാഹരണമായിട്ട് കുറേ കാലമായി. ജനാധിപത്യത്തില്‍ ഹര്‍ത്താല്‍ ഒരു പ്രതിഷേധ മാര്‍ഗമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഹര്‍ത്താല്‍ മൃഗീയമായി മാറിയ കാഴ്ചയാണ് കഴിഞ്ഞ ദിവസം അത്യുത്തര കേരളത്തിന് കാണാന്‍ കഴിഞ്ഞത്. കാസര്‍കോട് ജില്ലയില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ വേളയില്‍ ആവേശം മൂത്ത ഒരുകൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ വഴി മുടക്കലില്‍ ജീവന്‍ നഷ്ടപ്പെട്ട നീലേശ്വരം ബിരിക്കുളത്തെ സി.ജെ ജോണ്‍ മാളോലയില്‍ (63) എന്ന ഹതഭാഗ്യനെക്കുറിച്ച് ഓര്‍ത്ത് മനഃസാക്ഷി ഉള്ളവരെല്ലാം, ശിലാഹൃദയന്‍മാര്‍ അല്ലാത്തവരെല്ലാം ഇപ്പോഴും കണ്ണീര്‍ വാര്‍ക്കുകയാണ്. രോഗബാധിതനായ അദ്ദേഹത്തെ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ റോഡില്‍ പലയിടങ്ങളിലും അവരുടെ വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. അച്ഛന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് ഹര്‍ത്താല്‍ അനുകൂലികളോട് മകന്‍ അനൂപ് കാലുപിടിച്ച് കരഞ്ഞ് പറഞ്ഞിട്ടും ഫലമുണ്ടായില്ല. കാരുണ്യത്തിന്റെയോ അനുകമ്പയുടെയോ സഹാനുഭൂതിയുടെയോ ഒരു കണികപോലും ‘ഹര്‍ത്താല്‍ ആഘോഷക്കാരുടെ’ ഭാഗത്തു നിന്നും ഉണ്ടായില്ല. നിര്‍ദോഷിയും നിരപരാധിയും നിസ്സഹായനുമായ ആ പാവം മനുഷ്യന്റെ ജീവന്‍ അകാലത്ത് പൊലിയാന്‍ ഉത്തരവാദികളായ മനഃസാക്ഷി മരവിച്ച ആ രാഷ്ട്രീയ പ്രവര്‍ത്തകരോട് ദൈവം പൊറുക്കുമോ? യഥാര്‍ഥ രാഷ്ട്രീയത്തിന്റെ നേരറിവുകളും സംസ്‌കാരത്തിന്റെ ആത്മപ്രകാശവും വിവേകപൂര്‍ണ്ണമായ മനസ്സും നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്ന് എന്നെന്നേക്കുമായി പോയ്മറഞ്ഞുവോ?. ഓര്‍ക്കുക, നമ്മുടെ യാത്ര മുന്നോട്ടാണോ?. നെഞ്ചില്‍ കൈ വെച്ച് സ്വയം ചോദിക്കൂ; പ്രിയപ്പെട്ടവരെ, നാം എങ്ങോട്ട്? നമുക്ക് എന്നാണ് ‘മനുഷ്യരാവാന്‍’ കഴിയുക ?…

Sorry, there was a YouTube error.