Categories
news

നോട്ട് നിരോധനം: മറുപടിയിൽ ഉരുണ്ട് കളിച്ച് ആര്‍.ബി.ഐ.

ന്യൂഡല്‍ഹി: നോട്ട് നിരോധന തീരുമാനത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്റെയോ അഭിപ്രായം ആരാഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. ആ ചോദ്യം വിവരാവകാശ നിയമം വകുപ്പ് 2 (എഫ്) പ്രകാരം വിവരത്തിന്റെ നിര്‍വചനത്തില്‍ വരുന്നതല്ലെന്നു ബാങ്കിന്റെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (സിപിഐഒ) അറിയിച്ചു. ജലന്ദറില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ പര്‍വീന്ദര്‍ സിങ് കിത്‌നയാണ് നവംബര്‍ എട്ടിനെടുത്ത നോട്ട് നിരോധന തീരുമാനത്തെ കുറിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള നല്‍കാനാവുന്ന വിവരം വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മറ്റുള്ള വിവരങ്ങളൊന്നും നല്‍കാനാവില്ലെന്നും ആര്‍.ബി.ഐ അപേക്ഷകനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസനയച്ച അപേക്ഷയും നിരസിച്ചിരുന്നു. നോട്ട് നിരോധനം പ്രധാനമന്ത്രിയെടുത്ത സ്വന്തം തീരുമാനമായിരുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. അതേസമയം, സിപിഐഒ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും അപേക്ഷകന്‍ തേടിയത് അഭിപ്രായമല്ല മറിച്ച് വസ്തുത ആണെന്നും മുന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ എ.എന്‍.തിവാരി അഭിപ്രായപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest