Categories
news

നരേന്ദ്ര മോദി നടത്തിയ വന്‍ അഴിമതി വെളിപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി.


ന്യൂഡല്‍ഹി: അഴിമതിക്കെതിരെ അതിശക്തമായ പോരാട്ടം നടത്തി സംശുദ്ധ ഭരണം കാഴ്ചവെക്കുമെന്നും അഴിമതി മുക്ത ഭാരതം കെട്ടിപ്പടുക്കുമെന്നും ഉദ്‌ഘോഷിച്ച് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനി നിറം വെളിപ്പെടുത്താന്‍ താന്‍ സന്നദ്ധനാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിപരമായി നടത്തിയ വന്‍ അഴിമതിയുടെ സമഗ്ര വിവരങ്ങള്‍ തന്റെ പക്കല്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ അറിയുന്നത് കൊണ്ടാണ് ഭരണകക്ഷിക്കാര്‍ തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെക്കുറിച്ചാണ് എനിക്ക് വെളിപ്പെടുത്താനുള്ളത്. എന്തുവന്നാലും ശരി, ലോക്‌സഭയില്‍ ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കുക തന്നെ ചെയ്യും. കുറേ ദിവസങ്ങളായി ഭരണ കക്ഷി എംപിമാര്‍ എന്നെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ്.

രാജ്യത്തെ ജനകോടികള്‍ അറിയേണ്ട ആ കാര്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്തുക തന്നെ ചെയ്യും ‘-രാഹുല്‍ ഗാന്ധി വികാര ഭരിതനായി പറഞ്ഞു. നരേന്ദ്ര മോദിയുടെ ഇരട്ട മുഖം വൈകാതെ ജനങ്ങള്‍ തിരിച്ചറിയുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ കക്ഷികളില്‍പെട്ട എംപിമാരും രാഹുല്‍ ഗാന്ധിയോടൊപ്പം വര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.

0Shares