
തിരുവനന്തപുരം : കേരളത്തിലെ 20 സീറ്റുകളും ജയിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തോടെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ്ഏകോപനത്തില്‍ മാറ്റം വരുന്നു.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിലും കൂടുതല്‍ ശ്രദ്ധ ഊന്നുന്ന തരത്തിലാണ് കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് ഏകോപനത്തിലെ പ്രധാന മാറ്റം.

അതുപോലെതന്നെ മേഖലാ ചുമതലയുള്ള മൂന്നു വര്‍ക്കിംഗ് പ്രസിഡണ്ടുമാരില്‍ വടക്കന്‍ മേഖലയുടെ ചുമതയുള്ള കെ. സുധാകരനും തെക്കന്‍ മേഖലയുടെ ചുമതലയുള്ള കൊടിക്കുന്നില്‍ സുരേഷും മത്സര രംഗത്തു ആണെന്നതാണ് ഏകോപന ചുമതലയില്‍ മാറ്റം വരുത്താന്‍ കാരണം. മധ്യ മേഖലയുടെ ചുമതലക്കാരന്‍ ആയിരുന്ന എം.ഐ ഷാനവാസ് മരണപെട്ട ശേഷം ആ ചുമതല മറ്റാര്‍ക്കും കൈമാറിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം രണ്ടു മേഖലകളില്‍ രണ്ടു പ്രമുഖ നേതാക്കള്‍ ഏകോപന ചുമതല എല്ക്കുന്നത്.
രാഹുൽ വീണ്ടും കേരളത്തിലേക്ക് വരുമ്പോൾ തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽ പ്രചാരണത്തിനെത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരം കൂടാതെ കോഴിക്കോട്ടേക്കു കൂടി വരുന്നതു വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം കണക്കിലെടുത്താണ്. വയനാട്ടിൽ തന്നെ അദ്ദേഹം എത്തുമെന്ന സൂചന ബി.ജെ.പിയുടെ നേതാക്കൾ നൽകുന്നുണ്ടെങ്കിലും അക്കാര്യം അന്തിമമായിട്ടില്ല. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വയനാട്ടിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി പ്രചാരണത്തിനെത്തും.
