Categories
news

കണ്ണേ മടങ്ങുക…അന്ന് ഐലന്‍ കുര്‍ദ്ദി, ഇന്ന് മുഹമ്മദ് ശുഹൈത്ത്.

മ്യാന്‍മര്‍: യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ കടലില്‍ മുങ്ങിമരിച്ച  ‘ഐലന്‍ കുര്‍ദ്ദി’യെ ആരും മറന്ന് കാണില്ലല്ലോ? റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ ഭരണകൂടം തന്നെ വംശഹത്യ നടത്തുന്ന മ്യാന്‍മറില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ നദിയില്‍ മുങ്ങിമരിച്ച
മുഹമ്മദ് ശുഹൈത്തിന്റെ ചിത്രമാണ് ലോകത്തിനു മുന്നില്‍ ഇപ്പോള്‍ കണ്ണീര്‍ക്കാഴ്ച്ചയാകുന്നത്.

വംശഹത്യ രൂക്ഷമായ റഖീനില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകുന്നതിനിടയില്‍ മുഹമ്മദ് ശുഹൈത്തിന്റെ കുടുംബം സഞ്ചരിച്ച തോണി നാഫ് നദിയില്‍ മുങ്ങുകയായിരുന്നു. ഒന്നര വയസ്സുകാരനായ മുഹമ്മദ് ശുഹൈത്ത് ഒഴുക്കിലകപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ കൂടെയുള്ളവര്‍ക്കായില്ല. പിന്നീട് നദീതീരത്തെ ചളിയില്‍ മുഖംകുത്തി കമഴ്ന്നു കിടക്കുന്ന ആ പാവം കുരുന്നിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മകന്റെ മൃതദേഹത്തിന്റെ ഫോട്ടോ കണ്ടപ്പോള്‍ ഇനി ജീവിക്കേണ്ടതില്ലെന്നും ലോകം അത്രമേല്‍ ഇടുങ്ങിയതായും തോന്നിയെന്ന് പിതാവ് സഫര്‍ ആലം പറഞ്ഞു. ഇതുപോലെ മറ്റൊരു ദുരന്തത്തില്‍ ഈ ലോകത്തില്‍ നിന്നും മാഞ്ഞുപോയ പോന്നോമനയായ ഐലന്‍ കുര്‍ദിയെക്കുറിച്ച് ഓര്‍ത്ത് ആ പിതാവ് തേങ്ങി.

ഗ്രാമത്തില്‍ മ്യാന്‍മര്‍ സൈന്യം ഹെലിക്കോപ്ടറില്‍ വന്ന് കാണുന്നവരെയെല്ലാം നിര്‍ദയം തുരുതുരാ വെടിവെച്ചിടുകയായിരുന്നു. മുഹമ്മദ് ശുഹൈത്തിന്റെ വല്ലുമ്മയും വല്ല്യുപ്പയും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഗ്രാമം മുഴുവന്‍ സൈന്യം കത്തിച്ചു ചാമ്പലാക്കി, മ്യാന്‍മര്‍ സര്‍ക്കാര്‍ മുഴുവന്‍ റോഹിന്‍ഗ്യകളെയും കൊന്നൊടുക്കുകയാണ്. അവര്‍ക്ക് ഇനി ഒട്ടും സമയം നല്‍കരുതെന്ന് ലോകം തിരിച്ചറിയണമെന്നും സഫര്‍ ആലം പറഞ്ഞു. 2012 മുതല്‍ മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളില്‍ ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ സൈനിക ക്യാംപുകളില്‍ തളച്ചിടപ്പെട്ടിട്ടുണ്ട്. ചികില്‍സാ സഹായം ലഭിക്കാതെ കുഞ്ഞുങ്ങളുള്‍പ്പടെ ആയിരങ്ങള്‍ നരകയാതനകള്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *